യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി: കോൺ. നേതാവിനെതിരേ കേസ്
1531203
Sunday, March 9, 2025 3:47 AM IST
ഉദയംപേരൂർ: യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരേ പോലീസ് കേസെടുത്തു. ഉദയംപേരൂർ നടക്കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്ന യുവതിയെ വീട്ടിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയംഗമായ ഉദയംപേരൂർ നടക്കാവ് കല്ലൂർവെളിയിൽ ദേവരാജനെ(68)തിരെയാണ് ഉദയംപേരൂർ പോലീസ് കേസെടുത്തത്.
കഴിഞ്ഞവർഷം ജൂൺ മാസം പരാതിക്കാരി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചാണ് ഉപദ്രവിക്കാൻ ശ്രമം നടത്തിയതെന്ന് പറയുന്നു. പരാതിയിൽ കേസെടുത്തതായും പരാതിക്കാരിയും പ്രതിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് തർക്കങ്ങളുള്ളതായും ഉദയംപേരൂർ പോലീസ് പറഞ്ഞു.
പരാതിക്കാരിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി തുടർന്നും പീഡനം നടത്തിയ സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ പനങ്ങാട് പോലീസ് സ്റ്റേഷനിലെ പോലീസുകാരന് എതിരെ പനങ്ങാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. നിലവിൽ മരട് പോലീസ് അന്വേഷിക്കുന്ന ബലാത്സംഗ കേസിലെ പ്രതിയായ പോലീസുകാരൻ സസ്പെൻഷനിലാണ്.