മട്ടാഞ്ചേരി നെഹ്റു ടൗൺഹാൾ ഏപ്രിൽ 15ന് തുറക്കും
1531557
Monday, March 10, 2025 4:08 AM IST
മട്ടാഞ്ചേരി: നവീകരണത്തിന് ശേഷം ഏപ്രിൽ 15ന് തുറന്ന് നൽകാനിരിക്കെ മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ടൗൺഹാൾ ബുക്ക് ചെയ്യാൻ ഞായറാഴ്ചകളിലും വൻ തിരക്ക്.ഹാൾ തുറക്കുന്നത് ഏപ്രിൽ മാസത്തിലാണെങ്കിലും നഗരസഭ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ ബുക്കിംഗിനായുള്ള കെ സ്മാർട്ട് സോഫ്റ്റ് വെയറിൽ തിയതി ലോക്കിങ് ആരംഭിക്കാത്തതിനാൽ ഓൺലൈൺ ബുക്കിങ്ങിന് മുൻപ് നഗരസഭ മട്ടാഞ്ചേരി സോണൽ ഓഫീസിൽ നേരിട്ടെത്തി ഒഴിവ് ഉറപ്പാക്കിയതിന് ശേഷം കെ സ്മാർട്ട് വഴി ബുക്ക് ചെയ്യാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിരുന്നു.
ഇന്ന് രാവിലെ പത്തേ കാലോടെ നേരിട്ടെത്താൻ അറിയിപ്പ് നൽകിയിരുന്നതെങ്കിലും മുൻഗണന ലഭിക്കുന്നതിനായി അവധി ദിനമായ ഇന്നലെ ഉച്ച മുതൽ തന്നെ ആളുകൾ നഗരസഭ ഓഫീസിലെത്തി ക്യൂവിൽ ഇടം പിടിച്ചിരുന്നു. രാത്രിയിലും ആളുകൾ ക്യുവിൽ നിൽക്കുന്നുണ്ട്.
ശോച്യാവസ്ഥയിലായതിനെ തുടർന്ന് ടൗൺഹാൾ മാസങ്ങളായി അടഞ്ഞ് കിടന്നിരിക്കുകയായിരുന്നു. ബിപിസിഎല്ലിന്റെ സഹകരണത്തോടെ ഒന്നരക്കോടിരൂപ ചെലവഴിച്ചാണ് ടൗൺഹാളിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കുന്നത്.
സാധാരണ ഡൈനിംഗ് ഹാളിന് പുറമേ 2000 ചതുരശ്രഅടി വിസ്തീർണത്തിൽ വെജിറ്റബിൾ ഡൈനിംഗ് ഹാളും നിർമിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ, പ്ലംബിംഗ്, ടൈൽ ജോലികൾ പൂർത്തിയായിട്ടുണ്ട്.
പ്രധാന ഹാളിൽ തിയേറ്റർ ടൈപ്പ് കസേരകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, വിഐപി കൾക്കായി എസി ലോബി, പൂന്തോട്ടം, ആർച്ച് എന്നിവയും ഹാളിനോട് ചേർന്ന് ഉണ്ടാകും.