കളമശേരിയില്‍ തീപിടുത്തം: ഗോഡൗണും വാഹനങ്ങളും കത്തി നശിച്ചു, 1.75 കോടിയോളം നഷ്ടം
1531216
Sunday, March 9, 2025 4:12 AM IST
കളമശേരി: കളമശേരി പള്ളിലാങ്കരയില്‍ കിടക്ക നിർമാണ കമ്പനികള്‍ക്കായി ഫോം നിര്‍മിച്ചുനല്‍കുന്ന സ്ഥാപനത്തില്‍ തീപിടുത്തം. രണ്ട് മിനിലോറികളും ഒരു സ്കൂട്ടറും 20 ഇലക്ട്രിക് സൈക്കിളും കത്തിനശിച്ചു. കളമശേരി സ്വദേശി ആഷിന്റെ ഉടമസ്ഥതയിലുള്ള ക്രസന്റ് സെയില്‍ കോര്പറേഷൻ എന്ന സ്ഥാപനത്തിനും ഗോഡൗണിനുമാണ് തീപിടിച്ചത്. സംഭവത്തില്‍ 1.75 കോടി രൂപയുടെ നാശമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുളളത്.
അഗ്നിബാധ സമീപത്തെ കുപ്പിവെള്ള വിതരണ സ്ഥാപനത്തിലേക്ക് പടര്‍ന്നതും ചൂടേറ്റ് കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടിവീണതും ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും വന്തുരന്തം ഒഴിവായി. അപകട സമയത്ത് സ്ഥാപനത്തില്‍ ജോലിക്കാര്‍ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ വെല്‍ഡിംഗ് നടത്തുന്നതിനിടെ തീപ്പൊരി വീണതാകാം തീപിടുത്തത്തിന് കാരണമെന്നാണ് ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 9.45 ഓടെ ആയിരുന്നു സംഭവം. സ്ഥാപനത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട ഗോഡൗണ്‍ ഉടമ തന്നെയാണ് തൃക്കാക്കര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചത്. എന്നാല്‍ നിമിഷനേരം കൊണ്ട് സ്ഥാപനം അഗ്നിക്കിരയായി. ഇതിനിടെയാണ് കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടിവീണത്. തീ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കേവ്സര് അക്വാ പ്രോഡക്ടിലേക്കും ഈ സമയം പടര്‍ന്നിരുന്നു.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രണ്ട് മണിക്കൂറിലേറെ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃക്കാക്കര, ഏലൂര്‍, ആലുവ, പറവൂര്‍, ക്ലബ്ബ് റോഡ്, ഗാന്ധി നഗര്‍ എന്നീ ഫയര്‍ഫോഴ്സ് യൂണിറ്റുകളില്‍ നിന്നുള്ള അമ്പതോളം ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ക്രസന്റ് സെയില്‍സ് കോര്പറേഷന് എന്ന പേരിലുള്ള ഗോഡൗണ്‍ നിരവധി കെട്ടിടങ്ങള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഗോഡൗണിലെ ജീവനക്കാര്‍ ഉപയോഗിക്കുന്നതാണ് കത്തിനശിച്ച വാഹനങ്ങളും ഇലക്ട്രിക് സൈക്കിളുകളും. 5000 ചതുരശ്രഅടിയോളം വിസ്തീര്‍ണമുള്ള ഗോഡൗണ്‍ ടിന്‍ഷീറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ളതാണ്. ഗോഡൗണ്‍ ഉടമയുടെ സമീപത്തെ വീട്ടിലെ എസിയും ജലസംഭരണിയും തീപിടുത്തത്തില്‍ കത്തിനശിച്ചു.
വെല്‍ഡിംഗ് സെറ്റ് പോലീസ് പിടിച്ചെടുത്തു
കളമശേരി: ഗോഡൗണ്‍ കത്തി നശിക്കാന്‍ ഇടയാക്കിയതായി കരുതുന്ന വെല്‍ഡിംഗ് സെറ്റ് കളമശേരി പോലീസ് പിടിച്ചെടുത്തു. ഇന്‍സ്പെക്ടര്‍ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇവ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വെല്‍ഡിംഗ് നടത്തിയ ജോലിക്കാരനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
സമീപവാസികള്‍ക്ക് ചുമയും ശ്വാസംമുട്ടലും
കളമശേരി: തീപിടുത്തത്തെ തുടര്‍ന്ന് വലിയ ഉയരത്തില്‍ തീ ആളിപ്പടരുകയും പ്രദേശത്തെ അന്തരീക്ഷത്തില്‍ വലിയ തോതില്‍ പുകയും ഉയര്‍ന്നതോടെ സമീപവാസികളായ നിരവധി പേര്‍ക്ക് കണ്ണെരിച്ചില്‍, ശ്വാസംമുട്ടല്‍, ചുമ എന്നിവ അനുഭവപ്പെട്ടു. ഒരാളെ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.
സമീപത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഉണ്ടായിരുന്ന ഒരാള്‍ താഴേക്ക് ചാടി. ഇയാള്‍ക്ക് ചെറിയ പരിക്കുണ്ട്. മറ്റുള്ളവര്‍ തീപിടുത്തം കണ്ടതിനെ തുടര്‍ന്ന് സമീപ കെട്ടിടങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
കെഎസ്ഇബിക്ക് വന്‍നഷ്ടം
കളമശേരി: തീ പിടുത്തത്തെ തുടര്‍ന്ന് മൂന്ന് 220കെവി വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു. പൊട്ടി വീണ എക്സ്ട്രാ സൂപ്പര്‍ ടെന്‍ഷന്‍ ലൈന്‍ കൂടംകുളത്ത് നിന്ന് പള്ളിക്കരയിലുള്ള പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ സബ്സ്റ്റേഷന് വഴി കളമശേരി ട്രാന്സ്മിഷന് സബ് സ്റ്റേഷനില്‍ വൈദ്യുതി എത്തിച്ചിരുന്നതാണ്. വൈദ്യുതി ലൈന്‍ പൊട്ടിവീണത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.
വൈദ്യുതി ലൈനുകള്‍ പൊട്ടി വീണത് പരിസരത്തെ മറ്റ് വൈദ്യുതി വിതരണ ലൈനുകളിലും കെട്ടിടങ്ങള്‍, പ്രദേശത്തെ മരങ്ങള്‍ക്കും മുകളിലുമായിരുന്നു. വൈദ്യുതിലൈന്‍ എച്ച്എംടി റോഡില്‍ വിലങ്ങനെ താഴ്ന്നതിനാല്‍ ഭാഹവാഹനങ്ങള്ക്കടക്കം ഇതുവഴി സഞ്ചരിക്കുന്നതിന് തടസം നേരിട്ടു.
കെഎസ്ഇബിയുടെ നഷ്ടം കണക്കാക്കിയിട്ടില്ല. ഇത് ഗോഡൗണ്‍ ഉടമയില്‍ നിന്നും ഈടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.