തൃക്കാക്കര നഗരസഭയിൽ പൈപ്പ് പൊട്ടൽ തുടർക്കഥ: കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ
1531554
Monday, March 10, 2025 4:08 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭാ പരപിധിയിലെ കുടിവെള്ളക്കുഴലുകൾ പൊട്ടുന്നത് തുടർക്കഥയാവുന്നു. കുടിവെള്ളത്തിനായി ജനംനെട്ടോട്ടത്തിൽ. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ പലതും ദ്രവിച്ചും പൊട്ടിയും തൃക്കാക്കര നഗരസഭയുടെ വിവിധ മേഖലകളിൽ പ്രതിദിനം നഷ്ടമാവുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ്. റോഡ് നിർമാണത്തിനിടയിലും, കേബിൾ സ്ഥാപിക്കാൻ കുഴികൾ എടുക്കുമ്പോഴുമെല്ലാം പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും നിത്യ കാഴ്ചകളിൽപ്പെടും.
ഉയർന്ന സ്ഥലങ്ങളിലേക്ക് ജലവിഭവ വകുപ്പിന്റെ സംഭരണിയിൽ നിന്നും കുടിവെള്ളമെത്തിക്കാൻ ഹൈ പ്രഷറിൽ വെള്ളം പമ്പുചെയ്യണം. ജലത്തിന്റെ അതിസമ്മർദ്ദത്താൽ പഴകി ദ്രവിച്ച കുടിവെള്ളക്കുഴലുകൾ പൊട്ടുന്നതോടെ പൈപ്പുവെള്ളത്തെ ആശ്രയിക്കുന്ന ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾ ദുരിതത്തിലാവും.
അവധി ദിവസമായ ഇന്നലെ നിലംപതിഞ്ഞി മുകളിൽ രണ്ടിടത്തായി കുടിവെള്ള പൈപ്പുകൾ പൊട്ടിയതോടെ നൂറു കണക്കിനു കുടുംബങ്ങളിൽ ശുദ്ധജലമെത്തിയില്ല. കാക്കനാട് പാലാരിവട്ടം റോഡിൽ വാഴക്കാല ഫെഡറൽ ബാങ്കിനു മുന്നിൽ രണ്ടു ദിവസം മുൻപ് കുടിവെള്ള പൈപ്പുപൊട്ടിയതു മൂലം ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്.
ജലവിഭവ വകുപ്പിന്റെ കീഴിൽ വരുന്ന അറ്റകുറ്റപ്പണികളുടെ കരാർ എടുക്കുന്നവരും കുടിവെള്ള പൈപ്പുകൾ പൊട്ടിയാൽ അടിയന്തിര നടപടികൾ സ്വീകരിക്കാറില്ലെന്നും പരാതിയുണ്ട്. വേണ്ടത്ര തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രശ്നം ഗുരുതരമാക്കുന്നു.
ജലവിഭവ വകുപ്പിന്റെ സംഭരണിയിൽ നിന്നും ഇത്തരത്തിൽ പാഴാകുന്ന കുടിവെള്ളത്തിനും ജനത്തിന്റെ പക്കൽ നിന്നും വാട്ടർചാർജ് ഈടാക്കുന്നതായും ആരോപണമുണ്ട്.
കാലപ്പഴക്കം ചെന്നപൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചും, കടുത്തരീതിയിൽ ശുദ്ധ ക്ഷാമമുള്ള പ്രദേശങ്ങളിൽ കൂടുതൽ ജലസംഭരണികൾ സ്ഥാപിച്ചും ജല ലഭ്യത ഉറപ്പുവരുത്താൻ തൃക്കാക്കര നഗരസഭയും ജലവിഭവ വകുപ്പും കൈകോർക്കേണ്ടിയിരിക്കുന്നു. 1987 ൽ സ്ഥാപിച്ച 10 ലക്ഷം ലിറ്റർ സംഭരണശേഷി മാത്രമുള്ള ടാങ്കിൽ നിന്നാണ് തൃക്കാക്കര നഗരസഭാ പരിധിയിൽ ഇപ്പോഴും കുടിവെള്ളം എത്തിക്കുന്നത്.
കളമശേരിയിൽ ജലസംഭരണി നിർമാണം തുടങ്ങി
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കളമശേരിയിൽ ഒരു കോടി രൂപ ചെലവഴിച്ചുളള ജലസംഭരണിയുടെ നിർമാണം ആരംഭിച്ചു. പെരിയാറിൽ നിന്നുളള വെള്ളംശുദ്ധീകരിച്ച് ഈ സംഭരണിയിൽ ശേഖരിച്ച് തൃക്കാക്കരയിൽ വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
അതേസമയം പുതിയ പൈപ്പുകൾ സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ മുൻകൂറായി നഗരസഭ വാട്ടർ അഥോറിറ്റിയിൽ കെട്ടിവച്ച തുക പോലും അധികൃതർ ഇതുവരെ തിരികെ നൽകിയിട്ടില്ലെന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള പറഞ്ഞു.
മാവേലിപുരത്തും, മോഡൽ എൻജിനീയറിംഗ് കോളജ് ഡിവിഷനിലുമായി 75 ലക്ഷത്തോളം രൂപയാണ് നഗരസഭ മുൻകൂറായി നൽകിയത്. ഈ തുക വാട്ടർ അഥോറിറ്റി അധികൃതർ തിരികെ നൽകേണ്ട തുകയാണെന്നും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനാണ് തുക മുൻകൂറായി നൽകിയതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
അമൃത്- 2 പദ്ധതിയുടെഭാഗമായി നഗരസഭയിലെ നാലു ഡിവിഷനുകളിൽ 10 ലക്ഷം രൂപയുടെ കുടിവെളള പദ്ധതിക്കും പണം നൽകിയിട്ടുണ്ട്. നഗരസഭയുടെസ്വന്തംകുടിവെള്ളസംഭരണിയിൽ നിന്നും പ്രതിദിനം 18ലോഡ് വരെ ടാങ്കർ വെള്ളം സൗജന്യമായി വിവിധ വാർഡുകളിൽ വിതരണം ചെയ്യുന്നുണ്ട്.
നഗരസഭയ്ക്ക് സ്വന്തമായുളള ടാങ്കറിനു പുറമെ 2,000 ലിറ്റർ സംഭരണശേഷിയുള്ള ഒരു ടാങ്കർ കൂടി അടുത്ത സാമ്പത്തിക വർഷം വാങ്ങാനും പദ്ധതിയുണ്ട്. വലിയ വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാത്ത മേഖലകളിൽ സൗജന്യമായി കുടിവെള്ളം എത്തിക്കാനും ഇതുമൂലം കഴിയുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.