നിയന്ത്രണംവിട്ട കാർ കനാലിൽ വീണു
1531573
Monday, March 10, 2025 4:25 AM IST
കോതമംഗലം: ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ നിയന്ത്രണംവിട്ട കാർ പെരിയാർവലി കനാലിൽ വീണു. കാറിലുണ്ടായിരുന്ന പാലമറ്റം സ്വദേശി പ്രവീണും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാർ പെരിയാർവാലി കനാലിലേക്ക് വീഴുകയായിരുന്നു. പാലത്തിനും കുറ്റിക്കാടുകൾക്കും മരത്തിനുമിടയിലൂടെ കാർ ഉയർന്നു പൊങ്ങിയശേഷം 50 അടിയോളം താഴ്ചയിൽ വെള്ളത്തിൽ പതിക്കുകയായിരുന്നു. കാറിൽനിന്നും ദന്പതികൾക്ക് ഉടൻ പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായി.
ഈ സമയം അതുവഴി കടന്നുപോകുകയായിരുന്ന ഒരു സംഘം യുവാക്കൾ കനാലിൽ ഇറങ്ങിയാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവർക്കും നിസാര പരിക്ക് മാത്രമാണുള്ളത്.