ജനകീയ സമരങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു: വി.ഡി. സതീശന്
1531207
Sunday, March 9, 2025 3:57 AM IST
കൊച്ചി: ഹൈവേ വികസനത്തിന്റെ അവകാശ വാദത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ജനകീയ സമരങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അടഞ്ഞ കണ്ണ് തുറപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകും.
ചേരാനല്ലൂര്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ചേരാനെല്ലൂരില്‍ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടപ്പാക്കിയ റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് നിലവില്‍ വന്നതുകൊണ്ട് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഭൂമി ഏറ്റെടുത്ത് നല്കുന്ന ഏത് സംസ്ഥാനത്തും കേന്ദ്രം ഹൈവേ വികസനം നടപ്പാക്കും.
വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പ് ഹൈവേ നിർമാണം പൂര്‍ത്തിയാക്കി അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വ്യഗ്രതയില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സര്‍ക്കാര്‍ കാണാതെ പോകുന്നുവെന്നും സതീശന് പറഞ്ഞു. ഇതൊരു സഹന സമരം മാത്രമാണ്. നിര്‍മാണം തടസപ്പെടുത്തുന്ന അവസ്ഥയിലേക്ക് ഞങ്ങളെ കൊണ്ടുവന്ന് എത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
രാവിലെ 10ന് ആരംഭിച്ച ഉപവാസ സമരത്തിന് പിന്തുണയര്‍പ്പിച്ച് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സമരപ്പന്തലിലെത്തി.