കവളങ്ങാട് സഹ. ബാങ്കിന്റെ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു
1531217
Sunday, March 9, 2025 4:12 AM IST
കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു. ആളപായമില്ല. ബാങ്ക് പ്രവർത്തനം വിപുലീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ടൂറിസം അനുബന്ധ പദ്ധതിക്കായി നേര്യമംഗലം പെരിയാർ തീരത്തെ 2.5 ഏക്കർ സ്ഥലത്ത് 3000 ലേറെ ചതുരശ്ര അടി വിസ്തീർണത്തിൽ 15.5 കോടി ചെലവിൽ നിർമിച്ചു കൊണ്ടിരുന്ന ഭീമൻ കെട്ടിടമാണ് തകർന്നുവീണത്.
മലബാർ കണ്സ്ട്രക്ഷൻ കന്പനിയാണ് നിർമാണം നടത്തുന്നത്. കോണ്ക്രീറ്റ് പില്ലറുകളും, ബീമുകളും ഇരുന്പ് തൂണുകളും ഉൾപ്പടെയാണ് നിലംപൊത്തിയത്. ഭിത്തി നിർമിച്ചിരുന്ന ആയിരക്കണക്കിന് കോണ്ക്രീറ്റ് ബ്ലോക്കുകളും ചിതറിത്തെറിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കെട്ടിടം തകർന്നത്. 50 ലേറെ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. അപകട സമയത്ത് ഇവർ ഭക്ഷണം കഴിക്കാൻ പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കെട്ടിടം തകർന്നതുവഴി ബാങ്കിന് ലക്ഷണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്കു കാരണമെന്ന് കോണ്ഗ്രസ് ആരോപിച്ചു. കെട്ടിട നിർമാണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിർമാണം നടന്നിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നിർമാണ കരാർ നൽകിയതും നിയമവിരുദ്ധമായാണെന്നും പറയപ്പെടുന്നു.
ഇക്കാര്യങ്ങളെല്ലാം നേരത്തെ ഉന്നയിച്ചിട്ടുള്ളതാണെന്നും വകുപ്പ് മന്ത്രിക്കടക്കം നൽകിയ പരാതികൾ അവഗണിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു. കെട്ടിട നിർമാണത്തിൽ വലിയ അഴിമതിയാണുണ്ടായിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സമരത്തിനിറങ്ങുമെന്നും കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.