കഥപറഞ്ഞും സ്വയംപ്രതിരോധ പാഠങ്ങള്‍ പഠിച്ചും വനിതാ മാധ്യമപ്രവര്‍ത്തകരുടെ വനിതാദിനാഘോഷം
1531211
Sunday, March 9, 2025 3:57 AM IST
കൊച്ചി: കായലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ വ്യത്യസ്തമായ ഒരു വനിതാദിനാഘോഷം. സ്വയംപ്രതിരോധ പാഠങ്ങള്‍ പഠിച്ചും അടിയും പാടിയും വനിതകള്‍ കായലില്‍ ആഘോഷത്തിമിര്പ്പിലായപ്പോള് അതിജീവന കഥ പറഞ്ഞ് സിപിഐ നേതാവ് ആനി രാജയും ഒപ്പം ചേര്‍ന്നു. അന്തര്‍ദേശീയ വനിതാ ദിനത്തില്‍ എറണാകുളം പ്രസ്ക്ലബാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി വ്യത്യസ്തമായ ആഘോഷ പരിപാടികള്‍ ഒരുക്കിയത്.
ഹൈക്കോടതി ബോട്ട് ജെട്ടിയില്‍ കെഎസ്ഐഎന്‍സി മാനേജിംഗ് ഡയറക്ടര്‍ ആര്.ഗിരിജ കായല്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. എറണാകുളം പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് എന്‍.കെ. സ്മിത അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആര്.ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍ കുമാര്‍, ജോ. സെക്രട്ടറി ഷബ്ന സിയാദ്, എക്സി. കമ്മിറ്റി അംഗം ഒ.പി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടത്തിയ കായല്‍ യാത്രയില്‍ വനിതകള്‍ക്കായി സിഎഫ്സി ജിമ്മിലെ ട്രെയിനര്‍മാരായ സുസാന, സ്നേഹ എന്നിവര്‍ നയിച്ച സ്വയം പ്രതിരോധ സോദാഹരണ ക്ലാസും നടന്നു. പാലാക്കരിയിലെ മത്സ്യഫെഡ് ഫാമില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി കായാക്കിംഗും വാട്ടര്‍ സ്പോര്‍ട്സ് ആക്ടിവിറ്റികളും നടത്തി. നാല്പതോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.