ആലുവ തോട്ടുംമുഖം നെല്ലിപ്പറമ്പത്ത് കലുങ്ക് പാലം നിർമാണം നീളുന്നു; റോഡ് അടച്ചിട്ട് ഒരു മാസം
1531202
Sunday, March 9, 2025 3:47 AM IST
ആലുവ: തോട്ടുമുഖം - തടിയിട്ട് പറമ്പ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് തകർന്ന നെല്ലിപ്പറമ്പത്ത് കലുങ്ക് പാലം പുതുക്കിപ്പണിയൽ നീളുന്നു. കലുങ്കിന് താഴെയുള്ള കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ രണ്ട് വട്ടം പരാജയപ്പെട്ടതോടെയാണ് കലുങ്ക് നിർമാണവും വൈകിയത്. ഒരു മാസമായി ഇതിലെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
21 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കലുങ്ക് നിർമാണം പൂർത്തിയാകാൻ രണ്ട് മാസം വേണ്ടിവരുമെന്നാണ് കരാറുകാരായ ചെമ്പറക്കി ലേബർ കോൺട്രാക്ട് സൊസൈറ്റി പറയുന്നത്. കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി കമ്പി കെട്ടി സ്ഥാപിക്കുന്ന ജോലികൾ ഇന്നാണ് തീരുക. മൂന്ന് ഘട്ടമായി ചെയ്യേണ്ടതിനാൽ ആഴ്ചകൾ തന്നെ ഇതിനെടുക്കും.
സൈഡ് വാൾ ഒന്പതു മീറ്റർ വീതിയിലാണ് കോൺക്രീറ്റ് ചെയ്യുക. മേൽഭാഗം ഏഴു മീറ്റർ വീതിയിലും കോൺക്രീറ്റ് ചെയ്യും. അതിനാൽ റോഡിന് ഏഴു മീറ്റർ വീതി ലഭിക്കും. കലുങ്കിന് താഴെയുള്ള കരിങ്കൽ ഭിത്തി രണ്ട് തവണ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് പൂർണമായും തകർന്നു. പൈപ്പ് പലവട്ടം പഴയപടി ആക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. തൊട്ടടുത്തുള്ള ശ്രീ നാരായണ ഗിരി ടാങ്കിൽ നിന്ന് പമ്പ് ചെയ്യുന്ന പ്രഷർ കാരണമാണ് പൈപ്പ് രണ്ട് വട്ടം പൊട്ടിയത്.
ദൂരെ സ്ഥലങ്ങളിൽ വെള്ളം കിട്ടുന്നില്ലെന്ന പരാതി കാരണം പ്രഷർ കുറയ്ക്കാനും സാധിക്കില്ല. മറ്റ് ജില്ലകളിൽ നിന്ന് പാർട്സ് എത്തിച്ചാണ് കലുങ്കിനടിയിലെ കുടിവെള്ള പൈപ്പ് നന്നാക്കിയത്. ഇതോടെ ഒരു മാസമാണ് കടന്നു പോയത്. പൈപ്പ് നന്നാക്കുന്ന ജോലി വാട്ടർ അഥോറിറ്റിയ്ക്കും കലുങ്ക് നിർമിക്കുന്ന ജോലി പൊതുമരാമത്ത് വകുപ്പിനുമാണ് നൽകിയിരിക്കുന്നത്.
കലുങ്ക് നിർമാണം കഴിഞ്ഞാൽ പുതിയ പൈപ്പ് സ്ഥാപിക്കാനാണ് തീരുമാനം.