റോഡരികിലെ സംരക്ഷണ ഭിത്തികളുടെ ബലം പരിശോധിക്കണമെന്ന്
1531195
Sunday, March 9, 2025 3:35 AM IST
കല്ലൂർക്കാട്: വാഹനങ്ങളുടെ സുരക്ഷക്കായി റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സംരക്ഷണ ഭിത്തികളുടെ ബലപരിശോധന അടിയന്തരമായി നടത്തണമെന്ന് ആവശ്യം.
ബിഎം ബിസി നിലവാരത്തിൽ റോഡ് ടാറിംഗ് പണി പൂർത്തീകരിക്കുന്പോൾ വഴിയുടെ അതിരുകൾ വേർതിരിച്ചറിയുന്നതിനും നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങൾ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നതിനുമാണ് ഇത്തരം സുരക്ഷാ ഭിത്തികൾ കറുപ്പും വെളുപ്പും അടയാളമിട്ട് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഓട്ടോറിക്ഷ വന്നു മുട്ടിയാൽ പോലും തകരാതെ തെന്നി വീഴുന്ന സ്ഥിതിയിലാണ് സംരക്ഷണഭിത്തിയെന്ന് കല്ലൂർക്കാട് പ്രദേശവാസികൾ പറയുന്നു.
ഇന്നലെ ഉച്ചയോടെ മുവാറ്റുപുഴ - തേനി ഹൈവേയുടെ ഓരത്ത് കല്ലൂർക്കാട് കോട്ട റോഡിൽ നടന്ന സംഭവമാണ് ഇതിന് കാരണം. വഴിയരികിൽ നിർത്തിയിട്ട ഓട്ടോ ഇറക്കത്തിൽ പിന്നോട്ട് ഉരുണ്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. ഓട്ടോ തട്ടിയ കലുങ്ക് യാതൊരു കേടുപാടും പറ്റാതെ പശ ഇളക്കി മാറ്റി പറിച്ചെടുത്തതു പോലെ സമീപത്ത് താഴ്ചയിലുള്ള പൂക്കളത്ത് മഞ്ചേഷിന്റെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു. ഒപ്പം കലുങ്കിൽ തട്ടി നിൽക്കേണ്ട ഓട്ടോയും മുറ്റത്തേക്കു മറിഞ്ഞു വീണു. ഓട്ടോയിലും വീടിന്റെ മുറ്റത്തും അപകട സമയത്ത് ആരുമില്ലാതിരുന്നതിനാൽ മറ്റു ദുരന്തങ്ങൾ ഒഴിവായി.
സ്വയമേ ഉരുണ്ടുവന്ന ഓട്ടോ മുട്ടിയപ്പോഴേ തെറിച്ചു പോകുന്ന സംരക്ഷണ ഭിത്തി ഓട്ടത്തിൽ നിയന്ത്രണം വിട്ടുവരുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തില്ലെന്നും താഴെ പുരയിടങ്ങളിലും വീടുകളിലും ആളുകൾക്ക് സുരക്ഷിതമായി കഴിയാനാകില്ലെന്നുമാണ് ആക്ഷേപം ഉയരുന്നത്. ഇത്തരം സംരക്ഷണ ഭിത്തികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.