കൈകൾ ബന്ധിച്ച് വേന്പനാട്ട് കായൽ നീന്തിക്കടന്ന് ആദിത്യൻ
1531575
Monday, March 10, 2025 4:33 AM IST
കോതമംഗലം: കൈകൾ ബന്ധിച്ച് വേന്പനാട്ട് കായൽ നീന്തിക്കടന്ന ആദിത്യന് അനുമോദന പ്രവാഹം. ശനിയാഴ്ച രാവിലെ 8.13ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂന്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരം 1.35 മണിക്കുർകൊണ്ടാണ് ഈ 14കാരൻ നീന്തിക്കയറിയത്.
കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ സുരേന്ദ്രൻ - ദിവ്യ ദന്പതികളുടെ മകനായ ആദിത്യൻ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. നീന്തൽ പരിശീലകൻ ബിജു തങ്കപ്പനും ക്ലബ് സെക്രട്ടറി പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.പി. അൻസൽ ചേർന്നു നടത്തുന്ന 24-ാമത്തെ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡാണ് ആദിത്യൻ സുരേന്ദ്രൻ നീന്തിക്കയറിയത്.
ചേർത്തല കൂന്പേൽ കരിയിൽ കടവിൽ ചേന്നം പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഹരികുമാർ എന്നിവർ നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ആദിത്യന് വൈക്കം ബീച്ചിൽ നൽകിയ അനുമോദന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മാർ ബേസിൽ സ്കൂൾ മാനേജർ ബാബു മാത്യു അധ്യക്ഷത വഹിച്ചു. ആന്റണി ജോണ് എംഎൽഎ അദിത്യനെ വീട്ടിലെത്തി അനുമോദിച്ചു.