ഏഴാം ക്ലാസ് വിദ്യാർഥിക്കു മർദനമേറ്റതായി പരാതി
1531204
Sunday, March 9, 2025 3:47 AM IST
കരുമാലൂർ: വെളിയത്തുനാട് ഗവ. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കു സിപിഎം നേതാവിന്റെ മർദനമേറ്റതായി പരാതി. സംഭവത്തെ തുടർന്നു സിപിഎം വെളിയത്തുനാട് ലോക്കൽ കമ്മിറ്റി അംഗമായ മാടശേരി വീട്ടിൽ എം.കെ.അനസിനെതിര ആലങ്ങാട് പോലീസ് കേസെടുത്തു. കരുമാലൂർ പഞ്ചായത്തിലെ വെളിയത്തുനാട് ഗവ എംഐയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെയാണ് അനസ് മർദിച്ചതായി പരാതിയുള്ളത്.
വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ തർക്കം രക്ഷിതാക്കളും അധ്യാപകരും ചേർന്നു പറഞ്ഞു തീർത്തു മടങ്ങാൻ ശ്രമിക്കുന്നതിനിടെ സ്കൂളിൽ പഠിക്കുന്ന മറ്റൊരു വിദ്യാർഥിയുടെ ബന്ധുവായ അനസ് ഇതിന്റെ ഇടയിലേക്കു കയറിവരികയും വിദ്യാർഥിയുടെ മുഖത്ത് ആഞ്ഞടിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഇന്നലെ രാവിലെ വിദ്യാർഥിക്കു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ വിദ്യാർഥിയുടെ മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിലും തുടർന്നു കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കുട്ടിയുടെമൊഴിയുടെ അടിസ്ഥാനത്തിലാണ് അനസിനെതിരെ പോലീസ് കേസെടുത്തു. സംഭവം നടന്ന വെള്ളിയാഴ്ച വൈകിട്ടു തന്നെ സ്കൂൾ അധികൃതർ ഈ വിവരം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, ആലങ്ങാട് പോലീസ് എന്നിവരെ അറിയിച്ചിരുന്നു.