‘കവളങ്ങാട് സഹകരണ ബാങ്ക് അഴിമതി; ജുഡീഷൽ അന്വേഷണം വേണം’
1531580
Monday, March 10, 2025 4:33 AM IST
കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് നിർമിച്ചുവന്നിരുന്ന കെട്ടിടം ഇടിഞ്ഞു വീഴാനുണ്ടായ സാഹചര്യം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. സഹകരണ ബാങ്ക് മേഖലയിൽ സിപിഎം നടത്തിവന്നിരുന്ന അഴിമതിയും തട്ടിപ്പുകളും കരുവന്നൂരിൽ തുടങ്ങിയത് കവളങ്ങാടിലെത്തി നിൽക്കുകയാണ്.
17 കോടി മുടക്കിൽ ആയുർവേദ സ്പാ നിർമാണത്തിനായി സ്ഥലം വാങ്ങിയത് മുതൽ അഴിമതി ആരോപണം ഉയർന്നിരുന്നു. സിപിഎം ഏരിയ നേതാവിന്റെയും ബാങ്ക് മുൻ പ്രസിഡന്റിന്റെയും ബിനാമി പ്രവർത്തനങ്ങളാണ് ബാങ്കിൽ നാളുകളായി നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങളുടെ പിന്നിലെന്നും ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി.
നാട്ടിൽ നിരവധി കണ്‍സ്ട്രക്ഷൻ കന്പനികൾ ഉണ്ടെന്നിരിക്കെ കോഴിക്കോട് - കുറ്റിക്കാട്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കടലാസ് കന്പനിക്ക് നിർമാണ പ്രവർത്തനം നൽകിയത് അഴിമതി നടത്തുന്നതിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ സഹകരണ വകുപ്പ് തയാറാകാത്ത പക്ഷം നിയമപരമായി നേരിടുമെന്നും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.