എന്റെ നാട് ‘പെണ്മ 2025’സംഘടിപ്പിച്ചു
1531190
Sunday, March 9, 2025 3:35 AM IST
കോതമംഗലം : ലോക വനിതാ ദിനത്തിൽ ആയിരക്കണക്കിന് വനിതകളെ പങ്കെടുപ്പിച്ച് സ്ത്രീ ശാക്തീകരണത്തിന് ശക്തിയേകി എന്റെ നാട് ‘പെണ്മ 2025’. സ്ത്രീ ഉന്നമനത്തിന് വിവിധ പദ്ധതികൾ വനിതാ സംഗമത്തിൽ കോതമംഗലം എന്റെ നാട് ജനകീയ കൂട്ടായ്മ പ്രഖ്യാപിച്ചു.
സമൂഹത്തിലെ അശരണരായ സ്ത്രീകൾക്കും സ്വയംതൊഴിൽ തേടുന്നവർക്കുമുള്ള വിവിധ പദ്ധതികൾ എന്റെ നാട് ജനകീയ കൂട്ടായ്മ നടപ്പാക്കും. കോതമംഗലം കലാ ഓഡിറ്റോറിയത്തിലെ സമ്മേളനത്തിലാണ് ചെയർമാൻ ഷിബു തെക്കുംപുറം പദ്ധതികൾ പ്രഖ്യാപിച്ചത്.
രോഗികളായി ഒറ്റപ്പെട്ട് ജീവിക്കുന്ന 1000 അമ്മമാർക്ക് 1000 രൂപ വീതം പ്രതിമാസം പെൻഷൻ, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്ന വനിതകൾക്ക് ഒരു ലക്ഷം രൂപ വീതം പലിശ രഹിത വായ്പ, ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികൾക്ക് 25,000 രൂപ വരെ സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
നമ്മുടെ നാട്ടിലെ മറ്റിടങ്ങളിലും എന്റെ നാട് പോലെയുള്ള വനിതാ കൂട്ടായ്മകൾ രൂപം കൊള്ളണമെന്നും എന്റെ നാട് വനിതാ മിത്രയ്ക്ക് വലിയ സ്വീകാര്യതയാണ് കാണാൻ കഴിയുന്നതെന്നും ‘പെണ്മ 2025’ ഉദ്ഘാടനം ചെയ്ത് നടൻ ടിനി ടോം പറഞ്ഞു.
ഉഷാ ബാലൻ അധ്യക്ഷത വഹിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സണ്‍ ബിജി ഷിബു വനിതാദിന സന്ദേശം നൽകി. പ്രിയാ സാബു, ജെസി സാജു, ഫേബ ബെന്നി, വനിതാ മിത്ര വിവിധ പഞ്ചായത്തുതല പ്രസിഡന്റുമാർ, എന്റെ നാട് ഉന്നതാധികാര സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.