നിർമാണത്തിലെ അപാകത : മൂവാറ്റുപുഴ-പുനലൂർ റോഡിൽ അപകടങ്ങൾ പതിവാകുന്നു
1531574
Monday, March 10, 2025 4:33 AM IST
മൂവാറ്റുപുഴ: കോടികൾ ചെലവഴിച്ചു നവീകരിച്ച മൂവാറ്റുപുഴ-പുനലൂർ റോഡിന്റെ നിർമാണത്തിലെ അപാകതകൾമൂലം അപകടങ്ങൾ പതിവാകുന്നു. നാല് വർഷം മുന്പ് 12 കോടി ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നവീകരണം പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ റോഡിന്റെ പലഭാഗവും കുഴിയുകയും ടാർ പൊളിഞ്ഞു മാറുകയും ചെയ്തതിനെതുടർന്നു റോഡിൽ പലവട്ടം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
വാർഷിക അറ്റകുറ്റപ്പണിക്ക് ശേഷം വെങ്ങല്ലൂർ മുതൽ മൂവാറ്റുപുഴ വരെ പലയിടത്തും നിർമാണത്തിൽ അപാകതകൾ വന്നിരിക്കുകയാണെന്ന് ആവോലി പഞ്ചായത്തംഗം രാജേഷ് പൊന്നുംപുരയിടം കുറ്റപ്പെടുത്തി. അറ്റകുറ്റപ്പണി ചെയ്ത ഭാഗങ്ങൾ റോഡ് നിരപ്പിൽനിന്ന് ഉയർന്ന് നിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണെന്ന് പഞ്ചായത്തംഗം പറഞ്ഞു.
മൂവാറ്റുപുഴ മുതൽ തൊടുപുഴ വരെയുള്ള ഭാഗത്ത് ഒരു കുഴി പോലുമില്ലാതിരുന്ന റോഡ് നവീകരിച്ചതോടെയാണ് അപാകതകൾ ഉണ്ടായതെന്നതാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. നിലവിലെ റോഡിന്റെ അപാകതകൾ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് പഞ്ചായത്തംഗം ആവശ്യപ്പെട്ടു.