കീഴ്മാട് പഞ്ചായത്തിലെ അനധികൃത പെൻഷൻ പട്ടിക പുറത്ത് വിടണമെന്ന് നിർദേശം
1531568
Monday, March 10, 2025 4:25 AM IST
ആലുവ: വിവിധ തരം ക്ഷേമ പെൻഷനുകൾ മരിച്ചവർക്ക് മാസങ്ങളായി നൽകിയ പട്ടിക വിവരാവകാശ പ്രകാരം പുറത്തു വിടണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. കീഴ്മാട് സ്വദേശി സി.കെ. സുബ്രഹ്മണ്യൻ നൽകിയ അപ്പീലിലാണ് ഈ ഉത്തരവ്.
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ മരണമടഞ്ഞ നാലു പേർക്ക് പെൻഷൻ അനുവദിച്ചതായി 2023- 24 സാമ്പത്തിക വർഷത്തിലെ ഓഡിറ്റിൽ കണ്ടത്തിയതായി "ദീപിക' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങൾ തേടി പൊതുപ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിൽ അറിയില്ല എന്ന മറുപടിയാണ് നൽകിയത്. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് അനുകൂല ഉത്തരവ് ലഭിച്ചിരിക്കുന്നത്.
തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് വിഭാഗമാണ് 2023- 24 സാമ്പത്തിക വർഷത്തിൽ ആലുവ താലൂക്കിലെ അഞ്ച് പഞ്ചായത്തുകളിൽ മരിച്ചവരുടെ പേരിൽ നടക്കുന്ന ക്രമക്കേട് കണ്ടെത്തിയത്. ചൂർണ്ണിക്കര, കീഴ്മാട്, ശ്രീമൂലനഗരം, പാറക്കടവ്, ചെങ്ങമനാട് ഗ്രാമപഞ്ചായത്തുകളിലാണ് മരിച്ചവർക്ക് മാസങ്ങളോളം പെൻഷൻ നൽകിയത്.
എന്നാൽ ഇത്തരമൊരു തട്ടിപ്പ് അറിയില്ലെന്നാണ് അതാത് പഞ്ചായത്തുകളിലെ വിവരാവകാശ പ്രവർത്തകർക്ക് ലഭിക്കുന്ന മറുപടി. മുൻ വർഷങ്ങളിലും നടപ്പു വർഷത്തിലും ഇതേ ക്രമക്കേട് നടക്കുന്നതായാണ് സൂചന. അനധികൃതമായി പെൻഷൻ മേടിക്കുന്നവരുടെ പട്ടിക ലഭിക്കാൻ വിവരാവകാശ അപേക്ഷ നൽകുമെന്ന് സി.കെ. സുബ്രഹ്മണ്യൻ പറഞ്ഞു.