ഭവന നിർമാണ തുക വകമാറ്റി ചെലവഴിച്ചെന്ന് കല്ലൂർക്കാട് പഞ്ചായത്തിൽ വാക്കേറ്റം
1531571
Monday, March 10, 2025 4:25 AM IST
കല്ലൂർക്കാട്: ഭവന നിർമാണ പദ്ധതി തുക വകമാറ്റി ചെലവഴിച്ചതായി ആരോപണമുന്നയിച്ച് കല്ലൂർക്കാട് പഞ്ചായത്തിൽ വാക്കേറ്റം. ഭവന നിർമാണ പദ്ധതിയിലെ 24 വീടുകൾക്കായി നീക്കിവച്ചിട്ടുള്ള പഞ്ചായത്ത് വിഹിതം വകമാറ്റി കലൂരിലെ ആയുർവേദ ആശുപത്രി ആവശ്യത്തിനായി വിനിയോഗിക്കുന്നുവെന്നാണ് ആരോപണം.
ഗവണ്മെന്റ് സബ്സിഡി, ജില്ല, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾക്കൊപ്പം വീടുകൾക്ക് ഇനം തിരിച്ച് 70,000, 45,000 നിരക്കിൽ പഞ്ചായത്ത് വിഹിതം നൽകേണ്ടതുണ്ട്. എന്നാൽ നാമമാത്രമായ തുക ഇതിനായി നീക്കിവച്ച് ബാക്കി തുക ആശുപത്രി ആവശ്യത്തിനായി വിനിയോഗിക്കുകയാണെന്നാണ് ആരോപണം ഉയർന്നത്.
സിപിഎം ഏരിയ കമ്മിറ്റിയംഗം എം.ആർ. പ്രഭാകരൻ, ലോക്കൽ സെക്രട്ടറി ടി. പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. അധികൃതരുടെ മറുപടി തൃപ്തികരമാകാതെ സംഘർഷാവസ്ഥ ഉടലെടുത്തതോടെ കല്ലൂർക്കാട് പോലീസും സ്ഥലത്തെത്തി. വീടു നിർമാണം ഘട്ടം ഘട്ടമായി പൂർത്തീകരിച്ചു വരുന്പോൾ അവസാന ഘട്ടത്തിലാണ് പഞ്ചായത്ത് വിഹിതം നൽകേണ്ടതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
ഒന്നും രണ്ടും ഘട്ടം ഫണ്ടു വിനിയോഗിച്ചിട്ടുണ്ടെങ്കിലും മൂന്നാം ഘട്ടത്തിലെ ബ്ലോക്ക് വിഹിതം വീടുകൾക്ക് നൽകിയിട്ടില്ലെന്നും തുടർന്ന് ബാക്കിയുള്ള പണികൾ പൂർത്തീകരിച്ചു മാത്രമേ പഞ്ചായത്ത് വിഹിതം നൽകാൻ സാധിക്കൂ എന്നുമാണ് അറിയുന്നത്. 31നകം ഫലപ്രദമായ ഫണ്ടു വിനിയോഗം സാധ്യമാകാതെ നീക്കിവച്ചിരിക്കുന്ന തുക നഷ്ടമായി പോകുമെന്നതിനാലാണ് നിർമാണത്തിലുള്ള ആശുപത്രി ആവശ്യത്തിനായി വകമാറ്റിയതെന്നുമാണ് അധികൃതർ പറയുന്നത്.
നിശ്ചിത സമയത്തിനകം മാനദണ്ഡങ്ങൾ പാലിച്ച് ഗുണഭോക്താക്കൾ പണമാവശ്യപ്പെട്ടാൽ വിനിയോഗിക്കാൻ പറ്റാത്ത ഫണ്ടുകളിൽ നിന്നുള്ള തുക ഭവന നിർമാണ പദ്ധതിക്കായി ലഭ്യമാക്കാമെന്ന ഉറപ്പും അധികൃതർ നൽകിയതോടെയാണ് ഗുണഭോക്താക്കൾ പിരിഞ്ഞു പോയത്.