കാലടിയിൽ വനിതകളുടെ രാത്രി നടത്തം
1531565
Monday, March 10, 2025 4:25 AM IST
കാലടി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതകളുടെ രാത്രി നടത്തം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കാലടിയിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി വനിതകൾ രാത്രി നടത്തത്തിൽ പങ്കാളികളായി. വ്യാപാകമാകുന്ന മയക്കു മരുന്നിനെതിരെയുള്ള ഒരു പ്രതിഷേധം കൂടിയായി ഈ വനിതാസംഗമം.
ഉദ്ഘാടന സമ്മേളനത്തിൽ കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പോലീസ് സബ് ഇൻസ്പെക്ടർ ജെയിംസ് മാത്യു, എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി ജിജോ, പഞ്ചായത്ത് മെമ്പർ പി.ബി. സജീവ് എന്നിവർ സംസാരിച്ചു. രാത്രി നടത്തത്തിൽ പങ്കെടുത്ത മുതിർന്ന അംഗം ആനി വർക്കി കാളാംപറമ്പിൽ, കാഞ്ഞൂർ പഞ്ചായത്ത് അംഗം ജയശ്രീ ടീച്ചർ എന്നിവർ ചേർന്ന് രാത്രി നടത്തം ഫ്ലാഗ് ഓഫ് ചെയ്തു.
കാലടി ടൗൺ മുതൽ ശബരിപാലം കവല വരെയും തിരിച്ചു കാലടി ടൗൺ വരെയുമായിരുന്നു രാത്രി നടത്തം. തുടർന്നുള്ള വർഷങ്ങളിലും വനിതാദിനം കൂടുതൽ വിപുലമായ രീതിയിൽ നടത്തുമെന്ന് ഭാരവാഹികളായ കെ.വി. ടോളിൻ, ജെസ്റ്റോ പോൾ, കെ. ഷൈൻ എന്നിവർ അറിയിച്ചു. ടോളിൻസ് ഗ്രൂപ്പ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. പങ്കെടുത്തവർക്കെല്ലാം ടി-ഷർട്ട്, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.