ആലുവയിൽ എയർമെയിൽ സേവനകേന്ദ്രം തുറന്നു
1531556
Monday, March 10, 2025 4:08 AM IST
ആലുവ : നെടുമ്പാശേരി വിമാനത്താവളത്തിലെ തപാൽ സേവനങ്ങൾക്കായി എയർപോർട്ട് ട്രാൻസിറ്റ് മെയിൽ ഓഫീസ് (എപിഎംഒ) സേവന കേന്ദ്രം ആലുവയിൽ ആരംഭിച്ചു. മുഖ്യ തപാൽ ഓഫീസ് കെട്ടിടത്തിലെ റോഡിനോട് ചേർന്നുള്ള മുറികൾ ഒരുക്കിയാണ് ഓഫീസ് തുടങ്ങിയത്.
നെടുമ്പാശേരി എപിഎംഒയുടെ കീഴിലാണ് ആലുവ ഓഫീസ് വരുന്നത്. പ്രധാന കവാടത്തോട് ചേർന്നുള്ള മതിലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയാണ് പുതിയ കവാടം നിർമിച്ചിരിക്കുന്നത്.
വിമാന മാർഗം പോകാനുള്ള എല്ലാത്തരം തപാലുകളും ഈ കേന്ദ്രത്തിലാണ് ഇനി കൈകാര്യം ചെയ്യുക. ആരംഭിച്ചിട്ട് ഏതാനും ദിവസം മാത്രമായതിനാൽ നെയിംബോർഡ് സ്ഥാപിച്ചിട്ടില്ല.
ആലുവ റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന റെയിൽ മെയിൽ സർവീസ് കേന്ദ്രം നിർത്തിയതോടെ ജീവനക്കാരെ പല കേന്ദ്രങ്ങളിലേക്കായി പുനർവിന്യസിച്ചിരുന്നു. ട്രെയിനിൽ വരുന്ന തപാലുകൾ നിലവിൽ കൊച്ചി ഓഫീസിലാണ് കൈകാര്യം ചെയ്യുന്നത്. ആർഎംഎസിൽ സേവനം അനുഷ്ഠിച്ചിരുന്ന ഏതാനും ജീവനക്കാരെ ഇവിടെ നിയമിച്ചിട്ടുണ്ട്.