കാക്കൂരിന് കൗതുകമായി കുഞ്ഞൻ കാറുകളുടെ മഡ് റേസ്
1531191
Sunday, March 9, 2025 3:35 AM IST
തിരുമാറാടി: കാണികളിൽ വേഗതയുടെ ഹരം പകർന്ന് കാക്കൂർ വയൽ നഗരിയിൽ നടന്ന കുഞ്ഞൻ കാറുകളുടെ മഡ് റേസ് കൗതുക കാഴ്ചയായി. വലിയ വാഹനങ്ങൾക്കായി തയാറാക്കിയ ട്രാക്കിലൂടെ റിമോട്ട് കൺട്രോളിന്റെ സഹായത്തോടെ ചീറിപ്പാഞ്ഞ കുഞ്ഞൻ റൈസിംഗ് കാറുകൾ വേഗതയിലൂടെയും ചടുലമായ നീക്കങ്ങളിലൂടെയും കാണികളെ ത്രസിപ്പിച്ചു.
അതിവേഗമെത്തി തലകുത്തി മറഞ്ഞു വട്ടം കറങ്ങിയും കൂട്ടത്തോടെ എത്തിയ കുട്ടിക്കൂട്ടങ്ങൾ കാണികൾക്ക് പുതിയൊരു അനുഭൂതിയാണ് പകർന്നത്. ആർസി കാർ ഓട്ടമത്സരത്തിനു ശേഷം ബൈക്കുകളുടെ വിഭാഗത്തിലുള്ള മഡ് റേസ് നടന്നു.
ബൈക്ക് റേസ് കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി സെക്രട്ടറി കെ.കെ. രാജ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, എം.കെ. ശശി, സിനു എം.ജോർജ്, സി.വി. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
നാളെ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന കാർ റേസ് ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സമ്മേളന സമ്മേളനത്തിനുശേഷം രാത്രി 7 മുതൽ 4x4 ഡേർട്ട് റേസ് നടക്കും.