പഠനോത്സവത്തിന് മാറ്റുകൂട്ടി പൂർവ വിദ്യാർഥി കൂട്ടായ്മ
1531194
Sunday, March 9, 2025 3:35 AM IST
മുവാറ്റുപുഴ: ആറ് പതിറ്റാണ്ട് മുൻപ് സ്കൂളിൽ പഠിച്ചവരുടെ സൗഹൃദ കൂട്ടായ്മ സ്കൂൾ പഠനോത്സവത്തിന് മാറ്റുകൂട്ടി. ഗവ. ടിടിഐ ആയി മാറിയ പഴയ ബേസിക് ട്രെയിനിംഗ് സ്കൂൾ (ബിടിഎസ്)ലെ 1960-65 ബാച്ചിൽ പഠിച്ച വിദ്യാർഥികളുടെ സ്കൂൾ സന്ദർശനമാണ് പുതുതലമുറയ്ക്ക് ഉന്മേഷമായത്.
പൂർവ വിദ്യാർഥിയും റിട്ട. ഹൈക്കോടതി ജസ്റ്റീസുമായ വി.കെ. മോഹനന്റെ നേതൃത്വത്തിലുള്ള 13 പൂർവ വിദ്യാർഥികളെ രാവിലെ സ്കൂളിൽ പ്രിൻസിപ്പൽ, മുതിർന്ന അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ വരവേറ്റു. തന്റെ സഹപാഠികളുടെ സാന്നിധ്യത്തിൽ ജസ്റ്റീസ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം രാജശ്രീ രാജു അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.എസ്. ഷിയാസ്, സീനിയർ അസിസ്റ്റന്റ് എം.ആർ. അന്പിളി ഉപഹാരം സമർപ്പിച്ചു. ഡിഎൽഎഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അർസൽന അസീസിന് മുഖ്യാതിഥി ഉപഹാരം നൽകി.
ചടങ്ങിൽ പൂർവവിദ്യാർഥി പ്രതിനിധി എം.എസ്. കലേഷ്, സീനിയർ അധ്യാപകരായ ഡോ. ഡോണ്‍ ബോസ്ക്കോ ജോസഫ്, ബിനി ബാലചന്ദ്രൻ, നിധി ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.