ഹരിത ഓട്ടോകള്‍ ഈ മാസം
1531595
Monday, March 10, 2025 4:54 AM IST
കൊച്ചി: ശബ്ദ, വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗര സവാരിക്ക് ഹരിത ഒട്ടോകള്‍ എത്തുന്നു. എല്‍പിജി, സിഎന്‍ജി വിഭാഗത്തിലുള്ള 1000 ഓട്ടോകള്‍ക്കും ഇലക്ട്രിക് വിഭാഗത്തിലുള്ള 2000 ഓട്ടോകള്‍ക്കും പെര്‍മിറ്റിന് അര്‍ഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇതോടെ 30 നകം ഹരിത ഓട്ടോകള്‍ നഗര സവാരിക്ക് പൂര്‍ണസജ്ജമാകും.
എറണാകുളം റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയാണ് ഹരിത ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്കി സവാരി നടത്താന്‍ അനുമതി നല്‍കുന്നത്. പുതിയതും ഏഴുവര്‍ഷംവരെ പഴക്കമുള്ളതുമായ ഹരിത ഓട്ടോകള്‍ ആര്‍ടിഎ അധികാരികള്‍ പരിശോധിക്കും. ഇലക്ട്രിക് ഓട്ടോകളില്‍ 75 പെര്‍മിറ്റ് കെഎംആര്‍എലിന് നല്‍കും. ബാക്കിയുള്ള പെര്‍മിറ്റ് സംവരണമാനദണ്ഡം ഉള്‍പ്പെടെ പാലിച്ചാണ് നല്‍കുന്നത്.
ജനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് 65 ശതമാനവും എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനവും രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ക്ക് 15 ശതമാനവും കൊച്ചി മെട്രോ റെയിലിന് പത്തു ശതമാനവും ആണ് അനുവദിച്ചിരിക്കുന്നത്. ഒരു രജിസ്റ്റേഡ് സൊസൈറ്റി അല്ലെങ്കില്‍ കെഎംആര്‍എല്‍ ഒഴികെയുള്ള ഒരുവ്യക്തിക്കും ഒന്നില്‍ കൂടുതല്‍ പെര്‍മിറ്റ് അനുവദിക്കില്ല.
പെര്‍മിറ്റില്ലാതെ അനധികൃതമായി നൂറുകണക്കിന് ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നതായി നേരത്തേ കണ്ടെത്തിയതോടെയാണ് മൂവായിരം ഹരിത ഓട്ടോകള്‍ നിരത്തിലിറക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. പെര്‍മിറ്റ് ഉള്ളതും ഇല്ലാത്തതുമായ 7,500 ഓട്ടോറിക്ഷകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് പോലീസും മോട്ടോര്‍ വാഹനവകുപ്പും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. നിലവില്‍ 4,000 ഓട്ടോകള്‍ക്ക് മാത്രമാണ് കൊച്ചിയില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്.
സിറ്റിയിലോടുന്ന വാഹനമാണെന്ന് തിരിച്ചറിയാന്‍ ഹരിത ഓട്ടോകള്‍ക്ക് നിറം നല്‍കും. കൂടാതെ ഓട്ടോഡ്രൈവറുടെ പേര് തിരിച്ചറിയാന്‍ പോക്കറ്റിനുമുകളില്‍ നെയിംപ്ലേറ്റ് വയ്ക്കും.