സി.എൻ. മോഹനന് സംസ്ഥാന സെക്രട്ടറിയേറ്റിൽ : പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ സിപിഎം
1531591
Monday, March 10, 2025 4:46 AM IST
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് പ്രമോഷൻ ലഭിച്ചതോടെ ജില്ലയിൽ പുതിയ നായകനെ പാർട്ടി കണ്ടെത്തേണ്ടിവരും. പിണറായിയുടെ വിശ്വസ്തനായ സി.എൻ.മോഹനന് സംസ്ഥാന സെക്രട്ടറിയേറ്റംഗത്വം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും എറണാകുളം ജില്ലാ സമ്മേളനത്തിൽ മോഹനനെതന്നെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെ സംസ്ഥാന സെക്രട്ടറിയേറ്റംഗത്വം പ്രതീക്ഷിച്ചിരുന്ന മറ്റു ജില്ലാ നേതാക്കളുടെയും പ്രതീക്ഷകൾ പൊലിഞ്ഞു.
സി.എൻ. മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവു വരുന്ന എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ കോതമംഗലം ഏരിയയിൽ നിന്നുള്ള എസ്. സതീഷിനാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന എസ്. സതീഷ് മന്ത്രി പി.രാജീവിന്റെ അടുത്തയാളാണെന്നതും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
എസ്. സതീഷ് ഒഴിവായാൽ ജില്ലാ നേതാക്കളായ ജോൺ ഫെർണാണ്ടസ് (പള്ളുരുത്തി), കർഷക സംഘം നേതാവ് കോതമംഗലം ഏരിയയിൽ നിന്നുള്ള ആർ.അനിൽ കുമാർ, കെഎസ്കെടിയു നേതാവ് പി.ബി. ദേവദർശൻ (കോലഞ്ചേരി) എന്നിവരിലൊരാളെ പരിഗണിച്ചേക്കാം.
അതേസമയം കൊല്ലത്തു നടന്ന സംസ്ഥാനസമ്മേളനത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കളായ സി.എം. ദിനേശ് മണിയെയും എസ്. ശർമയെയും സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇരുവരെയും കെ.ചന്ദ്രൻ പിള്ളയെയും സംസ്ഥാന കമ്മറ്റിയിൽ നിലനിർത്തിക്കൊണ്ട് മുതിർന്ന നേതാവും കേരള ബാങ്ക് ചെയർമാനും പിണറായി പക്ഷക്കാരനുമായ ഗോപി കോട്ടമുറിക്കലിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി.
ഗോപി കോട്ടമുറിക്കലിനെ ഒഴിവാക്കിയ സ്ഥാനത്താണ് കൊച്ചി മേയർ എം. അനിൽകുമാർ സംസ്ഥാന കമ്മറ്റിയിലെത്തിയത്.