വൈപ്പിനില്‍ നിന്ന് 14 ബസുകള്‍ നഗരത്തിലേക്ക്
1531218
Sunday, March 9, 2025 4:12 AM IST
കൊച്ചി: വൈപ്പിന്‍ ദ്വീപുവാസികള്‍ക്ക് ആശ്വാസമായി വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം സാധ്യമാകുന്നു. 13 മുതല്‍ നാല് സ്വകാര്യ ബസുകളും 10 കെഎസ്ആര്‍ടിസി ബസുകളും നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തും. ബസുകളുടെ നഗരപ്രവേശനം 13ന് രാവിലെ 9.30ന് ഗോശ്രീ ജംഗ്ഷനില്‍ നടക്കും.
30 ഓളം ബസ് ഓപ്പറേറ്റര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ റീജണൽ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ ബോര്‍ഡ് മീറ്റിംഗുകളില്‍ പരിഗണിച്ച് ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ച നാല് ബസുകള്‍ക്കും, കെഎസ്ആര്‍ടിസി ബസുകള്‍ക്കുമാണ് നേരിട്ട് നഗര സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഗതാഗതവകുപ്പ് കഴിഞ്ഞ നവംബര്‍ 27ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നഗര പ്രവേശനത്തിന് അനുമതി ലഭിച്ചത്.
വൈപ്പിന്‍ നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരിയിലാണ് ആദ്യബസ് നഗരത്തിലേക്ക് പ്രവേശിച്ചത്. ഞാറയ്ക്കല്‍ മഞ്ഞനക്കാട്ട് ആരംഭിച്ച് വൈറ്റില ഹബ്ബിലെത്തുന്ന രീതിയിലാണ് സര്‍വീസ്. ദിവസവും 12 ഷെഡ്യൂകളാണുള്ളത്. ഇതിനുശേഷം എടവനക്കാട് നിന്ന് മറ്റൊരു ബസും സര്‍വീസ് ആരംഭിച്ചിരുന്നു. ഇതിനും 12 ഷെഡ്യൂളുകളാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത യോഗതീരുമാന പ്രകാരമാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നഗരപ്രവേശനത്തിന്റെ ഭാഗമായി പെര്‍മിറ്റ് നല്‍കിയത്. നോര്‍ത്ത് പറവൂരില്‍ നിന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. കാക്കനാട്, കളമശേരി മെഡിക്കല്‍ കോളജ്, ഫോര്‍ട്ടുകൊച്ചി, വൈറ്റില, പച്ചാളം ലൂര്‍ദ് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.
2004 ജൂണ്‍ അഞ്ചിനാണ് ഗോശ്രീ പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അന്നുമുതലുള്ള ആവശ്യമായിരുന്നു സ്വകാര്യ ബസുകളുടെ നഗരപ്രവേശനം. ഗോശ്രീ മനുഷ്യാവകാശ സമിതി ഇതിനായി നിരന്തരം സമരത്തിലായിരുന്നു. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തിലും ഇതി നായി ശ്രമങ്ങൾ നടത്തി.