അമിതവേഗതയിലെത്തിയ കാറിടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു
1493116
Monday, January 6, 2025 11:35 PM IST
മൂവാറ്റുപുഴ: അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന നഴ്സിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 3.30ഓടെ പേഴയ്ക്കാപ്പിള്ളി കൈനിക്കരകാവിന് സമീപമായിരുന്നു അപകടം. പേഴയ്ക്കാപ്പിള്ളി ചക്കുപറന്പിൽ അൻസാർ (46) ആണ് മരിച്ചത്. പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിലെ നഴ്സായ ചേർത്തല സ്വദേശിനി രഹ്ന ദിനേശിനാ (24)ണ് പരിക്കേറ്റത്.
അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലിരുന്ന് ലോട്ടറി വില്പന നടത്തുകയായിരുന്ന അൻസാറിന്റെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് ഹോസ്റ്റലിൽനിന്നു സമീപത്തെ ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കായി നടന്നു പോകുകയായിരുന്ന രഹ്നയെയും ഇടിച്ച ശേഷം മതിലിൽ ഇടിച്ചാണ് കാർ നിന്നത്.
ഇരുവരെയും നാട്ടുകാർ ഉടൻ സബൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൻസാറിനെ രക്ഷിക്കാനായില്ല. പരിക്ക് ഗുരുതരമായതിനാൽ രഹ്നയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.