പുഴയിൽ തടയണയ്ക്ക് സമീപം ചൂണ്ടയിട്ടിരുന്ന യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
1492952
Monday, January 6, 2025 4:38 AM IST
പിറവം: രാമമംഗലത്ത് പുഴയിൽ തടയണയ്ക്കു സമീപം ചൂണ്ടയിട്ടിരുന്ന യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കിഴക്കന്പലം പെരിങ്ങാല പടത്തിക്കര സുഫീർ മാൻസിലിൽ മുഹമ്മദ് റാഫി (32) യെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.
പൂത്തക്ക മീന്പാറ കോളനിയിൽ ബന്ധുവീട്ടിലെത്തിയ റാഫി ബന്ധുവായ രാമജിത്തിനൊപ്പമാണ് രാമമംഗലത്തെത്തിയത്. തടയണയ്ക്ക് മുകളിൽ ഇരുന്ന് ചൂണ്ടയിടുന്നതിനിടയിൽ പുഴയിലേക്കു വീണു പോയെന്ന് കൂടെയുണ്ടായിരുന്ന യുവാവ് പോലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു.
പുഴയ്ക്ക് കുറുകെ നീന്തുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നുവെന്നും പറയുന്നു. പോലീസും അഗ്നി രക്ഷാ സേനയും സ്കൂബ ടീമും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. രാമമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.