പ്രധാനമന്ത്രിയുമായി സംവദിക്കാൻ ആദിശങ്കര എൻജി. കോളജ് വിദ്യാർഥിനിയും
1493222
Tuesday, January 7, 2025 6:37 AM IST
കാലടി: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് 11നും12നും ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കാൻ ആദിശങ്കര എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് വോളന്റിയറായ ജി.എ. ദേവിക തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ വ്യാപകമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധരചനാ മത്സരത്തിലും മികവ് പുലർത്തിയ ദേവിക തിരുവനന്തപുരത്തു നടന്ന പ്രബന്ധാവതരണത്തിലും അഭിമുഖത്തിലും മികച്ച പ്രകടനം നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്.
പ്രധാനമന്ത്രിയുമായി സംവദിക്കാനും അദ്ദേഹത്തിന് മുമ്പിൽ വികസിത ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും ഉള്ള അവസരമാണ്ഇതോടെ കൈവന്നിരിക്കുന്നത്. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 പേരാണ് ദേശീയയുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഡൽഹിയിലേക്ക് പോകുന്നതിനു മുമ്പ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി സംഘം കൂടിക്കാഴ്ച നടത്തും.
ആദിശങ്കര എൻജിനീയറിംഗ് കോളജിലെ അഞ്ച് എൻഎസ്എസ് വോളന്റിയർമാർ തിരുവനന്തപുരത്ത് നടന്ന അവസാനഘട്ട മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആലപ്പുഴ രാമങ്കരി സ്വദേശിനിയായ ദേവിക കെ.എസ്. രശ്മിയുടെയും എ.പി. ജിജുവിന്റെയും മകളാണ്. ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്.