ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണ് മരണം: അന്വേഷണം ഊർജിതം
1493233
Tuesday, January 7, 2025 6:37 AM IST
നെടുമ്പാശേരി : മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൂട്ടുകാരിക്കൊപ്പം വരാന്തയിലൂടെ നടക്കുമ്പോൾ ആനന്ദത്തോടെ ആറടിയോളം ഉയരമുള്ള കൈവരിയിൽ കൈ കുത്തി തല ഉയർത്തി ചാടുന്നതിനിടെ നിയന്ത്രണംവിട്ട് അപകടം സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ഏഴാം നിലയിൽ നിന്ന് വീണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കണ്ണൂർ ഇരിക്കൂർ പെരുവളത്ത്പറമ്പ് നൂർ മഹലിൽ അബ്ദുൽ മജീദ്- സറീന ദമ്പതികളുടെ മകൾ കെ. ഫാത്തിമത്ത് ഷഹാനയാണ് (21 ) ശനിയാഴ്ച രാത്രി 11.15ഓടെ മരിച്ചത്.
ആലുവ ഡിവൈഎസ്പി പി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ കോളജ് അധികൃതർ, ജീവനക്കാർ, ഹോസ്റ്റലിലെ പെൺകുട്ടികളിൽ നിന്നെല്ലാം പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതീവ താഴ്ചയിൽ തലയടിച്ച് വീണതാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ഷഹാനയുടെ മാതാ, പിതാക്കളെയും മറ്റും കണ്ട് പരാതിയോ, മറ്റു കാര്യങ്ങളോയുണ്ടോയെന്ന കാര്യങ്ങളും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
കൈവരിയിൽ ഇരുന്ന് ഫോൺ ചെയ്യുമ്പോൾ അപ്രതീക്ഷിതമായി താഴേക്ക് വീണാണ് അപകടം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ വാർത്താ ക്കുറിപ്പിൽ അറിയിച്ചത്. ഹെഡ് സെറ്റ് കൈവരിക്ക് പുറത്തുള്ള ജിപ്സം ബോർഡിൽ വീണത് കൈവരിയിലൂടെ ഇറങ്ങിയെടുക്കാൻ ശ്രമിക്കുമ്പോൾ അപകടം സംഭവിച്ചതെന്നാണ് സഹപാഠികളിൽ ചിലർ ശനിയാഴ്ച രാവിലെ മാധ്യമങ്ങളോടും പറഞ്ഞത്.