എടയാർ വ്യവസായ മേഖലയിൽ രാസവസ്തു നിർമാണ ഫാക്ടറിയിൽ തീപിടിത്തം
1493382
Wednesday, January 8, 2025 4:21 AM IST
ആലുവ: എടയാർ വ്യവസായ മേഖലയിൽ രാസവസ്തു നിർമാണ ഫാക്ടറിയിൽ വൻതീപിടിത്തം. തീപിടിച്ചത് ജോലി സമയം കഴിഞ്ഞായതിനാൽ ആളപായമില്ല. ലക്ഷങ്ങളുടെ ഉത്പന്നങ്ങൾ അഗ്നിക്കിരയായി.
വാഹനങ്ങളുടെ ഉൾപ്പെടെ ക്ലീനിംഗ് ഉത്പന്നങ്ങൾ നിർമിക്കുന്ന ജ്യോതിസ് കെമിക്കൽസിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് തീപിടിത്തം ഉണ്ടായത്. ഏലൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നായി ആറ് അഗ്നിരക്ഷാ സേനാംഗങ്ങളുടെ യൂണിറ്റുകളെത്തി രണ്ടു മണിക്കൂറിലേറെനീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
സ്ഥാപനത്തിൽനിന്ന് തീ ഉയരുന്നതുകണ്ട് സമീപത്തുള്ളവരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. രാസവസ്തുക്കളിലേക്ക് വേഗത്തിൽ തീപടർന്നുപിടിക്കുകയായിരുന്നു. ഉത്പന്നങ്ങളും യന്ത്രങ്ങളുമെല്ലാം പൂർണമായും അഗ്നിക്കിരയായി.
പെട്രോളിയം ഉത്പന്നങ്ങൾകൊണ്ട് പാവ ഉണ്ടാക്കുന്ന കമ്പനിയും പ്ലാസ്റ്റ് ചാക്ക് നിർമാണ യൂണിറ്റുകളും ഈ സ്ഥാപനത്തിന് തൊട്ടടുത്തുണ്ട്. അതിനാൽ കമ്പനിയുടെ ഷട്ടർ പൊളിച്ച് അകത്തുകടന്നാണ് വേഗത്തിൽ തീപടരാതെ നിയന്ത്രണവിധേയമാക്കിയത്.
കമ്പനിക്ക് എടയാർ വ്യവസായ മേഖലയിൽ മൂന്ന് യൂണിറ്റുകളാണുള്ളത്. അതിൽ പാതാളം പാലത്തിനു സമീപത്തുള്ള കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഉത്പന്നങ്ങൾ നിറയ്ക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽനിന്നു രാത്രി വൈകിയും പുക ഉയരുന്നുണ്ടായിരുന്നു. ഫയർഫോഴ്സ് ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.