കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് അവിശ്വാസ നോട്ടീസ് നല്കി
1493401
Wednesday, January 8, 2025 4:33 AM IST
കൂത്താട്ടുകുളം: നഗരസഭ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകി. സ്റ്റേഡിയം നിർമാണം, തെരുവു വിളക്കുകളുടെ പരിപാലനം, വെങ്കുളം ഫ്ളാറ്റ് പദ്ധതി, റിംഗ് റോഡ് പദ്ധതി എല്ലാം നിലച്ച അവസ്ഥയാണുള്ളത്. നഗരസഭ റോഡുകളുടെ നവീകരണം,
അമൃത കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലെ അപാകത, മാലിന്യ നിർമാർജ്ജനത്തിനായി സ്ഥലം വാങ്ങിയതിലെ തട്ടിപ്പ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം നൽകിയതെന്ന് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, റെജി ജോണ്, നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്, നഗരസഭാംഗങ്ങളായ ബേബി കീരാന്തടം, സി.എ തങ്കച്ചൻ, ബോബൻ വർഗീസ്, സിബി കൊട്ടാരം, ജോണ് എബ്രഹാം, മരിയ ഗോരേത്തി, ലിസി ജോസ്, ടി.എസ് സാറ എന്നിവർ അറിയിച്ചു
കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ഒരു കോടി 79 ലക്ഷം മുടക്കി നിർമിച്ച ഐസൊലേഷൻ വാർഡ് നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ട്. അനൂപ് ജേക്കബ് എംഎൽഎ നൽകിയതും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് വാർഡ് നിർമിച്ചിട്ടുള്ളത്.
ഫണ്ട് വിനിയോഗത്തിൽ വൻ അഴിമതിയും കൂട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകിയത്. ഐസൊലേഷൻ വാർഡിനുള്ളിലെ ശുചിമുറിയിൽ നിന്നും മാലിന്യം പുറത്തു പോകാനുള്ള പൈപ്പിന് ആവശ്യമായ വലുപ്പം ഇല്ലാത്തതാണ് ശുചിമുറിയിൽ വെള്ളം കെട്ടി നിൽക്കാനുള്ള കാരണമെന്ന് കണ്ടെത്തി.
ഇത്തരത്തിൽ നിർമാണത്തിലെ പല ഘട്ടങ്ങളിൽ വലിയതോതിൽ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. കെട്ടിടം ചോർന്നൊലിച്ച് 12 ഇൻവേർട്ടർ ബാറ്ററികൾ പ്രവർത്തനഹിതമായ അവസ്ഥയിലാണുള്ളത്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ നിർമിച്ച ഐസൊലേഷൻ വാർഡിന്റെ ചുറ്റും വാഹന ഗതാഗതം സാധ്യമല്ലാത്തതിനാൽ ഫയർ എൻഒസിയും ലഭിച്ചിട്ടില്ല. ഓക്സിജൻ സ്റ്റോറേജ് റൂമിന്റെ താക്കോൽ കൈമാറിയിട്ടില്ല.
ഒന്പത് ലൈറ്റുകൾ സദാസമയം പ്രകാശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഫാനും വെന്റിലേറ്ററും എയർ ഹോളും ഇല്ലാത്തതിനാൽ രോഗികൾക്ക് ചൂടുമൂലം കിടന്നുറങ്ങാൻ ആകുന്നില്ല. തെർമോകോൾ ഉപയോഗിച്ച് നിർമിച്ച റൂഫിംഗ് പലയിടത്തും തകർന്നു. മുൻവശത്ത് സ്ഥാപിച്ച റാന്പിലൂടെ വീൽചെയറിൽ പോലും രോഗികളെ കയറ്റി കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
തൃശൂർ ഡിസ്ട്രിക്റ്റ് ലേബർ കോണ്ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ജോലികൾ ചെയ്യുന്നത്. അക്രെഡിറ്റഡ് ഏജൻസി ആയതുകൊണ്ട് ടെൻഡർ ഇല്ലാതെയാണ് പ്രവർത്തി ചെയ്യുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്സിലർ നൽകിയ അടിയന്തര പ്രമേയ അവതരണാനുമതി നഗരസഭ ഭരണസമിതി നിഷേധിച്ചിരുന്നു.
സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമരഹിതമായി ലേലം ചെയ്തതും അന്വേഷണ വിധേയമാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭ സ്റ്റേഡിയത്തിന് അനൂപ് ജേക്കബ് എംഎൽഎ 90 ലക്ഷം നൽകിയിരുന്നു.