എംഎ കോളജിൽ അന്തർദേശീയ ശാസ്ത്ര സമ്മേളനം എട്ടിന് തുടങ്ങും
1493205
Tuesday, January 7, 2025 6:37 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് കോളജിലെ ശാസ്ത്ര വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം-25ന് എട്ടിന് ആരംഭിക്കുമെന്ന് കോളജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ദീപാങ്കർ ബാനർജി മെറ്റിരിയൽ സയൻസിനെക്കുറിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. യുഎസ്എ ടെറി നാച്ചുറലി സ്ഥാപകനും അധ്യക്ഷനുമായ ടെറൻസ് ജോസഫ് ലെമറോണ്ഡ് മുഖ്യ അതിഥിയായിരിക്കും. എട്ട് മുതൽ 10 വരെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ 26ൽപ്പരം ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. വ്യവസായ-അക്കാദമിയ സഹകരണം ശക്തിപ്പെടുത്തുന്നതിന് ട്രിവാൻഡ്രം എൻജിനീയറിംഗ് സയൻസ് ആന്റ് ടെക്നോളജി റിസേർച്ച് പാർക്ക് ചെയർമാൻ പ്രഫ. സാബു തോമസിന്റെ നേതൃത്വത്തിൽ തുറന്ന ചർച്ചയും നടത്തും.
വിദ്യാർഥികൾക്കും, ശാസ്ത്ര ഗവേഷകർക്കും അധ്യാപകർക്കും അവരുടെ ഗവേഷണ വിഷയങ്ങളിൽ പേപ്പറുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങളുണ്ടാകും. 130 ഓളം ശാസ്ത്ര പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.
അമേരിക്കൻ കെമിക്കൽ സൊസൈറ്റി, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി എന്നിവർ മികച്ച ഓറൽ ആന്റ് പോസ്റ്റർ അവതരണത്തിനും, അന്താരാഷ്ട്ര ജേർണൽ ദാതാക്കളായ എൽസേവിയർ കന്പനി മികച്ച യുവ ഗവേഷകർക്ക് എം.പി. വർഗീസ് യംഗ് റിസേർച്ച് അവാർഡും നൽകും. എം.എ കോളജ് അസോസിയേഷന്റെ മുഖ്യ ധനസഹായത്തോടെ നടത്തുന്ന രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, സെർബ് ഇന്ത്യ എന്നിവർ സഹപങ്കാളിത്തം വഹിക്കും. കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ എബി പി. വർഗീസ്, കോ-ഓർഡിനേറ്റർ മേരിമോൾ മൂത്തേടൻ, കണ്‍വീനർ സാനു മാത്യു സൈമണ്‍, ബിനു വർഗീസ്, മിന്നു ജെയിംസ്, എസ്. സെൽവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.