കാഞ്ഞൂർ തിരുനാളിന് ഒരുക്കങ്ങളായി; 17ന് കൊടിയേറും
1493215
Tuesday, January 7, 2025 6:37 AM IST
കാലടി: പ്രസിദ്ധ തീർഥാടന കേന്ദ്രമായ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 17 മുതൽ 20 വരെയും, എട്ടാമിടം ജനുവരി 26,27 തീയതികളിലും ആഘോഷിക്കും. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള നൊവേന 10ന് വൈകിട്ട് 6ന് വിശുദ്ധ കുർബാനയോടു കൂടി കാഞ്ഞൂർ കപ്പേളയിലും, 11ന് മുതൽ കാഞ്ഞൂർ പള്ളിയിലും ആരംഭിക്കും.
17ന് രാവിലെ 9ന് കാഞ്ഞൂർ ഫൊറോന പള്ളി വികാരി ഫാ. ജോയ് കണ്ണമ്പുഴ തിരുനാളിന് കൊടിയേറ്റും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശക്തൻ തമ്പുരാൻ കാഞ്ഞൂർ പള്ളിക്ക് കാണിക്കയായി സമർപ്പിച്ച ആനവിളക്ക് പള്ളിചുറ്റി പ്രദിക്ഷണമായി പൊതുജന വണക്കത്തിനായി തൂക്കും.
പ്രധാന തിരുനാൾ ദിനമായ 20 ന് രാവിലെ 5.30 നും 7 നും വിശുദ്ധ കുർബാന, 9.45ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിപിൻ കുരിശുതറ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജേക്കബ് മഞ്ഞളി വചന സന്ദേശം നൽകും. തുടർന്ന് ഉച്ചയ്ക്ക് 12ന് നൂറുകണക്കിന് വാദ്യകലാകാരൻന്മാരും പതിനായിരകണക്കിന് വിശ്വാസികളും പൊൻവെള്ളി കുരിശുകളും നാനാവർണ മുത്തുക്കുടകളും അണിനിരക്കുന്ന മൂന്നങ്ങാടി പ്രദക്ഷിണം. വൈകിട്ട് 4 നും 5നും വിശുദ്ധ കുർബാന, 6.30 ന് പള്ളിചുറ്റി സമാപന പ്രദക്ഷിണം, രാത്രി 9ന് എംബികെ മ്യൂസിക്സ് അവതരിപ്പിക്കുന്ന തബോലം എന്നിവ നടക്കും.
21 ന് രാവിലെ 5.30 നും 7 നും10 നും, വൈകിട്ട് 5നും 6.30 നും 8നും വിശുദ്ധ കുർബാന, രാത്രി 9ന് രൂപം എടുത്തുവയ്ക്കൽ തുടർന്ന് പള്ളി ഗ്രൗണ്ടിൽ ഗാനമേള. തിരുനാൾ എട്ടാമിടം 26, 27 തീയ്യതികളിൽ ആഘോഷിക്കും. വികാരി ഫാ. ജോയ് കണ്ണമ്പുഴയുടെയും തിരുനാൾ ജനറൽ കൺവീനർ ടി.ഡി. റോബട്ടിന്റെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.