ആലുവ ശിവരാത്രി വ്യാപാരമേള: 1.08 കോടി രൂപയ്ക്ക് കരാർ
1493236
Tuesday, January 7, 2025 6:37 AM IST
ആലുവ: ഫെബ്രുവരി 26ന് നടക്കുന്ന ആലുവ ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നടക്കുന്ന വ്യാപാരമേളയുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും കരാർ പാലക്കാട് ഡിജെ അമ്യൂസ്മെന്റ്സിന്.1,07,88,889 രൂപയ്ക്കാണ് ആലുവ നഗരസഭ കരാർ നല്കിയത്.
രണ്ടാം സ്ഥാനത്ത് വന്ന പത്തനംതിട്ട അഗ്രിറ്റീ ഗ്രീൻ ടെക്നോളജീസ് 91,57,777 രൂപയാണ് വാഗ്ദാനം ചെയ്തത്. ആകെ രണ്ട് സ്ഥാപനങ്ങൾ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷങ്ങളിൽ വ്യാപാര മേള നടത്തിയ ഷാ എന്റർടെയ്ൻമെന്റ ഗ്രൂപ്പ്, ഫൺ വേൾഡ് എന്നിവ ഇത്തവണ പങ്കെടുത്തില്ല.
കഴിഞ്ഞ വർഷം 1.17 കോടി രൂപയ്ക്കാണ് മണപ്പുറത്തെ വ്യാപാരമേളയുടെ കരാർ പോയത്. എന്നാൽ അഡ്വാൻസ് തുക, ജിഎസ്ടി, കെഎസ്ഇബി, വാട്ടർ അഥോറിറ്റി എന്നീ ഇനങ്ങളിൽ നൽകേണ്ട മുൻകൂർ തുക അടയ്ക്കാനാകാതെ കരാർ നടപടികൾ കോടതി കയറുകയാണ് ചെയ്തത്.
നിശ്ചിത സമയത്ത് പണം അടച്ചില്ലെന്ന പേരിൽ ആദ്യ കരാർ കമ്പനിയായ ഷാ ഗ്രൂപ്പിനെ ഒഴിവാക്കി രണ്ടാം സ്ഥാനക്കാരായ ഫൺ വേൾഡിന് 50 ലക്ഷം രൂപ കുറവിൽ നഗരസഭ കരാർ നൽകി. ഇത് തർക്കത്തിന് കാരണമായി. സുപ്രീംകോടതിയിൽ നിന്ന് അവസാനനിമിഷം അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും ഒരു മാസത്തെ നടത്തിപ്പിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഷാ ഗ്രൂപ്പിനുണ്ടായത്. ഒരുക്കങ്ങൾ നടത്തിയ ശേഷം കരാർ നഷ്ടപ്പെട്ടതോടെ ഫൺ ഗ്രൂപ്പിനും ലക്ഷങ്ങൾ നഷ്ടമായി.