ആലങ്ങാട് പഞ്ചായത്തിൽ മുണ്ടിനീര് പടർന്നുപിടിക്കുന്നു; എൽപി സ്കൂൾ മൂന്നു ദിവസത്തേക്ക് അടച്ചിടും
1493392
Wednesday, January 8, 2025 4:33 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് പ്രദേശങ്ങളിൽ മുണ്ടിനീര് വ്യാപിക്കുന്നു. ജാഗ്രതയോടെ പ്രദേശവാസികൾ. ആലങ്ങാട് കോട്ടപ്പുറം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളിൽ ഒട്ടേറെ പേർക്കു മുണ്ടിനീര് പിടിപെട്ട സാഹചര്യത്തിൽ മൂന്നു ദിവസത്തേക്കു സ്കൂൾ അടച്ചിടാൻ നിർദേശം നൽകി.
പ്രീപ്രൈമറി വിഭാഗത്തിലെ ആറു വിദ്യാർഥികൾക്കാണ് ആദ്യം മുണ്ടിനീര് പിടിപെട്ടത്. തുടർന്നു പ്രൈമറി വിഭാഗത്തിലെ വിദ്യാർഥികളിലേക്കു പടരാൻ തുടങ്ങിയതോടെ ആരോഗ്യവിഭാഗം അധികൃതരുടെയും എഇഒയുടെയും നേതൃത്വത്തിൽ ഇന്നലെ സ്കൂളിൽ പരിശോധന നടത്തി.മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വായുവിലൂടെ പകരുകയും ഉമിനീർ ഗ്രന്ഥികളെ പ്രധാനമായും ബാധിക്കുകയും ചെയ്യുന്നതിനാൽ രോഗം പെട്ടെന്നു പടർന്നു പിടിക്കാൻ സാധ്യതയേറെയാണ്. മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കിയുള്ള വിശ്രമമാണ് രോഗപ്പകർച്ച തടയാനുള്ള മാർഗം. അതിനാലാണ് വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തി അടിയന്തര നടപടി സ്വീകരിച്ചത്.