ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡരികിൽ കൂട്ടിയിടുന്നുവെന്ന് പരാതി
1493402
Wednesday, January 8, 2025 4:42 AM IST
മൂവാറ്റുപുഴ: ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡരികിലും ഇടവഴികളിലും മറ്റും കൂട്ടിയിരിക്കുന്നതായി വ്യാപക പരാതി. പായിപ്ര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ചാക്കുകളിൽ കെട്ടി മാലിന്യം തള്ളിയിരിക്കുന്നത്.
പെരിയാർവാലി കനാൽ, അങ്കണവാടികൾ, ഹെൽത്ത് സെന്ററുകൾ എന്നിവയ്ക്ക് സമീപവും മാലിന്യങ്ങൾ തള്ളിയതായി നാട്ടുകാർ പറയുന്നു. ഇത്തരം മാലിന്യങ്ങൾ തെരുവുനായ്ക്കളും മറ്റും വലിച്ചിഴച്ച് പെരിയാർവാലി കനാലുൾപ്പെടെ മലിനമാകുന്ന സ്ഥിതിയാണുള്ളത്.
സ്ഥാപനങ്ങളിൽനിന്നും വീടുകളിൽ നിന്നും കൃത്യമായി പണം പിരിച്ചിട്ടും മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സമരപരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി പായിപ്ര പഞ്ചായത്ത് സമിതി മുന്നറിയിപ്പ് നൽകി.