തൃക്കാക്കരയിൽ രണ്ട് വനിതാ കൗൺസിലർമാരെ അയോഗ്യരാക്കി
1493232
Tuesday, January 7, 2025 6:37 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ രണ്ട് എൽഡിഎഫ് വനിതാ കൗൺസിലർമാരെ അയോഗ്യരാക്കി. ഇന്നലെ ചേർന്ന ഭരണപക്ഷ കൗൺസിലിലെ ഭൂരിപക്ഷ തീരുമാന പ്രകാരമാണ് നടപടി. സിപിഎം പ്രതിനിധികളായ സുനി കൈലാസൻ, ഉഷാ പ്രവീൺ എന്നിവരാണ് അയോഗ്യരാക്കിയത്.
ദീർഘകാലമായി കൗൺസിൽ യോഗങ്ങളിൽ നിന്നു വിട്ടുനിന്ന ഇരുവരെയും മുനിസിപ്പൽ ചട്ടപ്രകാരം അയോഗ്യരാക്കുകയായിരുന്നു. അതേ സമയം അയോഗ്യത നേരിട്ട അജിത തങ്കപ്പൻ, രജനി ജീജൻ എന്നിവരെ നഗരസഭാ കൗൺസിലിലേക്ക് തിരിച്ചെടുത്തു. 23 അംഗങ്ങളുടെ പിന്തുണയുള്ള യുഡിഎഫിന് കക്ഷി നിലയിൽ ഭൂരിപക്ഷമുള്ളതിനാൽ ഭരണപക്ഷ കൗൺസിൽ തീരുമാനപ്രകാരമാണ് ഇരുവരുടെയും അയോഗ്യത നീക്കി കൗൺസിലിലേക്ക് തിരികെ പ്രവേശിപ്പിച്ചത്.
ചട്ടപ്രകാരം ഒരേ കുറ്റം ചെയ്തവരിൽ ഒരു വിഭാഗത്തിന് അനുകൂലമായ നടപടി സ്വീകരിച്ചത് പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തുനിന്ന് ജിജോ ചിങ്ങന്തറ, പി.സി. മനുപ് എന്നിവർ രംഗത്തെത്തിയതോടെ ഇരുപക്ഷത്തുമുള്ള കൗൺസിലർമാർ വാക്കേറ്റം തുടങ്ങി.
ഇതിനിടയിൽ സുനി കൈലാസനെയും ഉഷാ പ്രവീണിനെയും അയോഗ്യരാക്കിയതായി പ്രഖ്യാപിച്ച് നഗരസഭാ അധ്യക്ഷ രാധാമണിപ്പിള്ള കൗൺസിൽ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു.
കോടതിയെ സമീപിക്കുമെന്ന് ഇടതു കൗൺസിലർമാർ
തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നത് ചൂണ്ടിക്കാട്ടി മുനിസിപ്പൽ ചട്ടപ്രകാരം കൗൺസിലർ പദവിയിൽനിന്ന് അയോഗ്യരാക്കപ്പെട്ട ഇടതു കൗൺസിലർമാരായ ഉഷാ പ്രവീൺ, സുനി കൈലാസൻ എന്നിവരെ തിരികെയെത്തിക്കാൻ കോടതിയെ സമീപിക്കുമെന്ന് നഗരസഭാ പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചു.
മൂന്നു മാസത്തിൽ കൂടുതൽ തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ഭരണമുന്നണിയിലെ അജിതാ തങ്കപ്പൻ, രജനി ജീജൻ എന്നിവരുടെ അയോഗ്യത റദ്ദാക്കി കൗൺസിലിൽ തിരികെയെടുത്തപ്പോൾ ഇതേ മാനദണ്ഡം ഇടതു കൗൺസിലർമാരുടെ കാര്യത്തിൽ കൈക്കൊണ്ടില്ലെന്ന ആക്ഷേപം ഉയർന്നു. കോടതി വിധിപ്രകാരം തിരികെ പ്രവേശിച്ചാലും അയോഗ്യരാക്കപ്പെട്ട ഇടതു കൗൺസിലർമാർക്ക് നിർണായക തീരുമാനങ്ങളിൽ വോട്ടവകാശവും ലഭിച്ചേക്കില്ല.
ചക്കിനുവച്ചത് കൊക്കിനുകൊണ്ട അവസ്ഥയിൽ സിപിഎം
കാക്കനാട്: ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന അവസ്ഥയിലാണിപ്പോൾ തൃക്കാക്കര നഗരസഭയിലെ ഇടതുപക്ഷം. ഭരണം കൈയാളുന്ന യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധിയും മുൻ ചെയർപേഴ്സണുമായ അജിത തങ്കപ്പനെയും ഇതേ മുന്നണിയിലെ കോൺഗ്രസ് പ്രതിനിധി രജനി ജീജനേയും അയോഗ്യരാക്കുക വഴി ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലുകൾ പാളിയതോടെ സ്വന്തം മുന്നണിയിലെ രണ്ടു കൗൺസിലർമാരാണിപ്പോൾ അയോഗ്യരായി മാറിയത്.
അജിതാ തങ്കപ്പനെ അയോഗ്യയാക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തു വന്ന ഇടതുമുന്നണിക്ക് സ്വന്തം കൗൺസിലർ മാരിൽ രണ്ടു പേർ ദീർഘകാലമായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല. അജിതയെ അയോഗ്യയാക്കി സെക്രട്ടറി കത്ത് നൽകിയതോടെ ഇടതുമുന്നണിയിലെ സുനി കൈലാസനും ഉഷാ പ്രവീണിനും കത്തു നൽകണമെന്ന് യുഡിഎഫ് ആവശ്യമുന്നയിച്ചു.
ഭൂരിപക്ഷം ഉറപ്പാക്കി യുഡിഎഫ് കൗൺസിലർമാർ കൗൺസിലിൽ തിരികെയെത്തിയെങ്കിലും, ഭൂരിപക്ഷം ഇല്ലാത്തതിനാൽ രണ്ട് ഇടതു കൗൺസിലർമാരും അയോഗ്യരായതായി ഇന്നലെ ചേർന്ന കൗൺസിലിൽ പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു.