ആലുവ-പറവൂർ കെഎസ്ആർടിസി റൂട്ടിൽ പൈപ്പിടാൻ കുത്തിപ്പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
1493395
Wednesday, January 8, 2025 4:33 AM IST
ആലങ്ങാട്: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ ജല ജീവൻ പൈപ്പ് സ്ഥാപിക്കാനായി കുത്തിപ്പൊളിച്ചിട്ട ഭാഗങ്ങൾ എത്രയും വേഗം ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാർ വൻ പ്രതിഷേധത്തിൽ. രണ്ടു മാസത്തിലേറെയായി ആലുവ- പറവൂർ റോഡരിക് കുത്തിപ്പൊളിച്ചുള്ള പൈപ്പിടൽ നടക്കുന്നത്.
എന്നാൽ കുത്തിപ്പൊളിച്ചിട്ട ഭാഗങ്ങൾ കൃത്യമായി മൂടാതെ ഇട്ടിരിക്കുന്നതു മൂലം റോഡരിക് ചേർന്നു പോകുന്ന വാഹനയാത്രികരാണു ദുരിതത്തിലായിരിക്കുന്നത്.കുത്തിപ്പൊളിച്ച ഭാഗത്തു നിന്നു വൻതോതിൽ പൊടി പറക്കുന്നതു മൂലം വാഹനയാത്രികർ അടിക്കടി അപകടത്തിൽ പെടുന്നതായും പരാതിയുണ്ട്.
രാത്രികാലങ്ങളിൽ പരിചയമില്ലാത്ത വാഹനയാത്രികർ റോഡിന്റെ അരികു ചേർന്നു പോയാൽ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മനയ്ക്കപ്പടി മൂതൽ യുസി കോളജ് വരെയുള്ള എട്ടു കിലോമീറ്റർ ഭാഗത്താണു കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുത്തിപ്പൊളിക്കൽ നടക്കുന്നത്.
വളവുകളിലും വീതികുറവുള്ള ഭാഗങ്ങളിലും കുത്തിപ്പൊളിച്ചു പൈപ്പിടുമ്പോൾ വേണ്ടത്ര സുരക്ഷ പാലിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അതിനാൽ എത്രയും വേഗം പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞ ഭാഗങ്ങളിലെല്ലാം ശരിയായ രീതിയിൽ ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.