കൊച്ചി കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളിക്ക് പാമ്പുകടിയേറ്റു
1493230
Tuesday, January 7, 2025 6:37 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ ശുചീകരണ തൊഴിലാളിക്ക് ഓഫീസ് കെട്ടിടത്തിലെ ഡ്രൈവര്‍മാരുടെ മുറിയില്‍ വച്ച് പാമ്പുകടിയേറ്റു. കോര്പറേഷന് ഓഫീസില്‍ വാഹനങ്ങള്‍ കഴുകുന്ന ജോലി ചെയ്യുന്ന എളമക്കര സ്വദേശി കെ.ജെ. ജോണിക്കാണ് പാന്പുകടിയേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
വാഹനങ്ങള്‍ കഴുകുന്നതിനിടെ ഡ്രൈവര്‍മാരുടെ മുറിയില്‍ പ്രവേശിച്ച ജീവനക്കാരന് മുറിയില്‍ താഴെ കിടന്നിരുന്ന പേപ്പറിന് അടിയില്‍ ഉണ്ടായിരുന്ന പാമ്പിനെ അറിയാതെ ചവിട്ടുകയും പാമ്പ് കാലില്‍ ചുറ്റുകയും കാല് കുടഞ്ഞ് പാമ്പിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൊത്തുകയുമായിരുന്നു. കൊത്ത് ചെരിപ്പില്‍ കൊണ്ടതുകൊണ്ട് പാമ്പിന്റെ പല്ല് കൊണ്ട് പോറിയാണ് മുറിവുണ്ടായത്ത്.
ഉടന്‍ അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കടിച്ചത് അണലിയാണെന്ന് സംശയിക്കുന്നു.
പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. നഗരം ഭംഗിയാക്കാന്‍ ജനങ്ങളോട് മേയര്‍ ആവശ്യപ്പെടുമ്പോള്‍ മേയറുടെ ഓഫീസിനു താഴെപ്പോലും ജീവനക്കാര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവി ലുള്ളതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.