പാവയ്ക്കാ കൃഷിയിൽ വിജയഗാഥ രചിച്ച് മുളവൂർ കാട്ടക്കുടിയിൽ കെ.എം. റഫീഖ്
1492958
Monday, January 6, 2025 4:42 AM IST
മൂവാറ്റുപുഴ: പാവയ്ക്കാ കൃഷിയിൽ വിജയഗാഥ രചിച്ച് മുളവൂർ കാട്ടക്കുടിയിൽ കെ.എം. റഫീഖ്. വീടിന് സമീപം ഒന്നര സെന്റ് സ്ഥലത്ത് ആരംഭിച്ച പാവക്ക കൃഷി ഇന്ന് ഒരേക്കർ സ്ഥലത്തേക്ക് വ്യാപിപ്പിച്ചപ്പോൾ പാവയ്ക്ക കൃഷിയിലൂടെ ലാഭം കൊയ്ത ആത്മവിശ്വസത്തിലാണ് റഫീഖ്.
40 പശുക്കളുള്ള ഫാമിന് ഉടമയായ റഫീഖ് പശു സംരക്ഷണവും പാൽ വില്പനയ്ക്ക് ശേഷം ലഭിക്കുന്ന ഇടവേളകളാണ് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. അമ്മു ഇനത്തിലെ പാവയ്ക്കയാണ് കൃഷി ചെയ്തിരിക്കുന്നത്. വല ഉപയോഗിച്ച് പന്തൽ ഒരുക്കിയാണ് പാവലം വള്ളി പടർത്തിയത്. കോഴിവളം, ചാണകം, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളമായും കൂടാതെ പുകയില കഷായവും ഉപയോഗിക്കുന്നുണ്ട്.
പൂർണമായും ജൈവവളം ഉപയോഗിക്കുന്നതിനാൽ റഫീഖിന്റെ പാവയ്ക്കക്കും ആവശ്യക്കാർ ഏറെയാണ്. വിളവെടുക്കുന്പോൾ തോട്ടത്തിൽ വച്ച് തന്നെ വിറ്റുതീരും. കിലോയ്ക്ക് 50 മുതൽ 60 വരെ വില ലഭിക്കുന്നുണ്ടന്ന് റഫീഖ് പറഞ്ഞു.
വേനൽ കടുത്തതിനാൽ എല്ലാ ദിവസവും പാവലം നനയ്ക്കണം. ഇടവളമായി കടല കൊപ്രയും ചാണകപ്പൊടിയും ഇടുന്നുണ്ട്. റഫീഖും ഭാര്യ ജസ്നയും കൃഷിക്ക് മേൽനോട്ടം വഹിക്കുന്നു. പാവക്ക കൃഷിക്ക് പുറമേ ഏത്തവാഴ, പയർ, അടക്കമുള്ള പച്ചക്കറി കൃഷിയും ഇവർക്കുണ്ട്. പായിപ്ര കൃഷിഭവന്റെ നിർദേശങ്ങളും സഹായങ്ങളും കൃഷിക്കായി ലഭിക്കുന്നുണ്ടന്നും റഫീഖ് പറഞ്ഞു.