ലൈബ്രറി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന്
1493409
Wednesday, January 8, 2025 4:42 AM IST
മൂവാറ്റുപുഴ: കഴിഞ്ഞ എൽഡിഎഫ് നഗരസഭാ ഭരണകാലയളവിൽ നഗരസഭ പാർക്കിന് സമീപം 25 സെന്റ് സ്ഥലത്ത് നിർമിക്കാൻ തീരുമാനിച്ച അത്യാധുനിക ലൈബ്രറിക്കുള്ള നടപടി സ്വീകരിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.
പുതുതലമുറയെ ലക്ഷ്യമാക്കി അറിവ് നേടാനുള്ള സുപ്രധാനയിടം എന്ന നിലയിൽ കഴിഞ്ഞ നഗരസഭ കൗണ്‍സിൽ തീരുമാനം എടുത്തതിന്റെ അടിസ്ഥാനത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി അനുവദിച്ചിരുന്നു.
പുതിയ നഗരസഭ കൗണ്‍സിൽ വന്നശേഷം ഇതേ സ്ഥലത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ച് കമ്യൂണിറ്റി ഹാൾ പണിയാൻ തീരുമാനിച്ചത് പ്രതിഷേധാർഹമാണ്.
നഗരസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്നും മുന്‍പ് നിശ്ചയിച്ച പ്രകാരം ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുവാനുള്ള തുടർ നടപടികൾ സ്വീകരിക്കണമെന്നും എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.