ഇരട്ടമോഷണക്കേസ് ഒരുകൊല്ലം തികയും മുന്നേ : സമാന രീതിയിൽ മോഷണം: ആലുവ നിവാസികൾ ആശങ്കയിൽ
1493391
Wednesday, January 8, 2025 4:21 AM IST
ആലുവ: പ്രമാദമായ ഇരട്ട മോഷണക്കേസ് വിചാരണ തുടങ്ങും മുമ്പേ ആലുവയിൽ വീണ്ടും സമാന രീതിയിൽ മോഷണം നടന്നത് നഗരവാസികളിൽ ആശങ്ക പടർത്തിയിരിക്കുകയാണ്. പട്ടാപ്പകലാണ് പാസ്പോർട്ട് ഓഫീസിന് പിന്നിലുള്ള വീട്ടിൽ നിന്ന് തിങ്കളാഴ്ച 40 പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും പോയത്.
കഴിഞ്ഞ കൊല്ലം ഫെബ്രുവരി ഒന്പതിനും 10 നും വീട്ടുകാരില്ലാത്ത നേരം നോക്കി രണ്ടു വീടുകളിലെ 43 പവൻ സ്വർണമാണ് മോഷണം പോയത്. 18 പവനാണ് കുട്ടമശേരിയിലെ വീട്ടിൽ നിന്ന് വാതിൽ തകർത്ത് മോഷണം നടത്തിയത്. വീടിന്റെ പിൻഭാഗത്തെ വാതിലാണ് വീട്ടിലെ തന്നെ കമ്പിപ്പാര വച്ച് പൊളിച്ചത്. രാത്രി 10.30നാണ് നടന്നതെങ്കിലും പിറ്റന്ന് വീട്ടുകാർ തിരികെ വന്നപ്പോഴാണ് സംഭവം അറിഞ്ഞത്.
ഇതേ രണ്ടംഗ സംഘം തൊട്ടടുത്ത ദിവസം ജില്ലാ റൂറൽ പോലീസ് ഓഫീസ് സമീപത്തെ സബ് ജയിൽ ഗ്രൗണ്ട് റോഡിലെ വീട്ടിൽ നിന്ന് 25 പവനും 20,000 രൂപയുമാണ് കവർന്നത്. മൂഴയിൽ വീട്ടിൽ ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. റോഡിനോട് ചേർന്നുള്ള വീടിന്റെ മുൻവാതിൽ പൂട്ട് തകർത്താണ് മോഷണം നടന്നത്. വീട്ടുകാർ തലേന്ന് വൈകിട്ട് ബന്ധുവീട്ടിലേക്ക് പോയ ശേഷമാണ് മോഷണം നടന്നത്.
രണ്ടാം മോഷണം നടന്നതോടെ പോലീസ് ഉണർന്നു പ്രവർത്തിച്ചു. ഏതാനും കിലോമീറ്റർ ദൂരെയുള്ള ആദ്യ വീട്ടിലെ മോഷണം കഴിഞ്ഞ് ബൈക്കിൽ മോഷ്ടാക്കൾ വരുന്ന ദ്യശ്യം കിട്ടിയത് വഴിത്തിരിവായി. അജ്മീരിൽ നിന്ന് സാഹസികമായാണ് ഉത്തരാഖണ്ഡ് ഹരിദ്വാർ സ്വദേശികളെ അജ്മീറിൽ നിന്ന് പിടികൂടിയത്. പോലീസ് നേരത്തേ ഈ ജാഗ്രത കാണിച്ചിരുന്നെങ്കിൽ രണ്ടാം മോഷണം നടക്കില്ലെന്നായിരുന്നു നഗരവാസികൾ പറയുന്നത്.
സ്വർണം മുഴുവൻ ലഭിച്ചില്ല
ആലുവ: കഴിഞ്ഞ കൊല്ലം ആലുവയിൽ നടന്ന ഇരട്ട മോഷണക്കേസിലെ പ്രതികളെ പത്ത് ദിവസത്തിനുള്ളിൽ പിടികൂടിയെങ്കിലും സ്വർണം മുഴുവൻ ലഭിച്ചില്ല. രണ്ട് മോഷ്ടാക്കളെ രാജസ്ഥാനിൽ നിന്ന് പിടികൂടിയെങ്കിലും മുഴുവൻ സ്വർണവും വീട്ടുകാർക്ക് കിട്ടിയില്ല.ഇതു വരെ റിക്കവറി ചെയ്തവ എന്ന നിലയിൽ ആലുവയിലെ വീട്ടുകാർക്ക് അഞ്ച് പവൻ സ്വർണം മാത്രമേ ലഭിച്ചിട്ടുള്ളൂ.
മാല, ഒരു കമ്മൽ, വള എന്നിവയാണ് ലഭിച്ചത്. മറ്റൊരു മാല ഇൻഷ്വറൻസ് ചെയ്തതിനാൽ കേസ് കഴിയുന്ന മുറയ്ക്ക് തുക ലഭിക്കാൻ സാധ്യതയുണ്ട്. ആദ്യ മോഷണം നടന്ന വീട്ടിലെ സ്വർണം ഇതു വരെ കണ്ടെത്തിയിട്ടില്ല.