കാർ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു
1493209
Tuesday, January 7, 2025 6:37 AM IST
മൂവാറ്റുപുഴ: ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം നാലോടെ മുതുകല്ല് ഷാപ്പിന് സമീപമായിരുന്നു അപകടം. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോയന്പത്തൂരിൽനിന്നുള്ള അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കാർ യാത്രികർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. മൂവാറ്റുപുഴ ഭാഗത്തക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം താഴെ സ്ഥിതിചെയ്യുന്ന വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
മുതുകല്ല് കരിമലയിൽ സുരേഷിന്റെ വീടിന് മുകളിലേക്കാണ് കാർ പതിച്ചത്. കാർ പതിച്ചതിനെ തുടർന്ന് വീട് പൂർണമായും തകർന്നു. അപകടം നടക്കുന്പോൾ സുരേഷും ഭാര്യ ലാലിയും വീടിന് പുറത്തായിരുന്നു. അപകടത്തിൽ വീടിന്റെ ഭിത്തികളും മേൽക്കൂരയും ഗൃഹോപകരണങ്ങളും തകർന്നതായി സുരേഷ് പറഞ്ഞു. തകർന്ന വൈദ്യുതി പോസ്റ്റും വീടിന്റെ മേൽക്കൂരയിലേക്കു പതിച്ചു.