വേലിയേറ്റം രൂക്ഷം; വൈപ്പിൻകര മുങ്ങുന്നു
1493229
Tuesday, January 7, 2025 6:37 AM IST
വൈപ്പിൻ: വേലിയേറ്റ വെള്ളക്കയറ്റം രൂക്ഷമായതോടെ വൈപ്പിൻകര മുങ്ങുന്നു. ഇതോടെ പലയിടത്തും ജനജീവിതം ദുസഹമായിരിക്കുകയാണ്.
ചെമ്മീൻ കെട്ടുകൾ, തോടുകൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ ഓരത്തുള്ള താഴ്ന്ന പ്രദേശങ്ങൾ മൊത്തം വെള്ളത്തിലാണ്. ഈ ഭാഗത്തെ വീട്ടുവളപ്പുകളും റോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങുന്നതിനാൽ പുലർച്ചെ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടാഴ്ചയോളമായി ഇതാണ് അവസ്ഥ. നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ വൻ വേലിയേറ്റം ഉണ്ടായപ്പോൾ നായരമ്പലം ഭാഗത്ത് ജനം സമരരംഗത്തിറങ്ങിയതാണ്.
അന്ന് പുഴയോരത്തെ സംരക്ഷണ ഭിത്തി തകർന്ന ഭാഗങ്ങൾ പുനർ നിർമിക്കാനും താഴ്ന്ന ഭാഗങ്ങൾ ഉയർത്തിക്കെട്ടാനും ഇറിഗേഷൻ വകുപ്പ് പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ചിലയിടങ്ങളിൽ മാത്രം അൽപം പണികൾ ചെയ്ത് ഇവർ തടി തപ്പുകയാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.