ഗോവ ഗവർണർ എഴുതിയ 249 പുസ്തകങ്ങൾ വീട്ടൂർ എബനേസർ എച്ച്എസ്എസിന്
1493403
Wednesday, January 8, 2025 4:42 AM IST
മൂവാറ്റുപുഴ: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എഴുതിയ 249 പുസ്തകങ്ങൾ മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിക്കുന്നു. തന്റെ പേരിൽ സ്കൂൾ ലൈബ്രറിയിൽ സ്ഥാപിക്കുന്ന ബുക്ക് ഷെൽഫിൽ ഈ പുസ്തകങ്ങൾ ഇടം പിടിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ഗവർണർ താൻ എഴുതിയ മുഴുവൻ പുസ്തകങ്ങളും ഒരു സ്കൂളിന് സൗജ്യനമായി നൽകുന്നത്.
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച് 10ന് വൈകുന്നേരം ഏഴിന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ നേരിട്ടാണ് പുസ്തകങ്ങൾ കൈമാറുന്നത്. തുടർന്ന് നടക്കുന്ന യോഗത്തിൽ അദ്ദേഹം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സൗഗ്രന്ഥികം എന്നു പേരിട്ട നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. തുടർന്ന് വിദ്യാർഥികളുമായി സംവാദ സദസ്, ജൂബിലി സ്മരണികയുടെ പ്രകാശനം എന്നിവ നടക്കും.
സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു, വാർഡംഗം പി.കെ. എൽദോ, ജോർജ് മാന്തോട്ടം കോറെപ്പിസ്ക്കോപ്പ, സ്കൂൾ പ്രിൻസിപ്പൽ ബിജു കുമാർ, പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്, പിടിഎ പ്രസിഡന്റ് മോഹൻദാസ് സൂര്യനാരായണൻ, എംപിടിഎ പ്രസിഡന്റ് രേവതി കണ്ണൻ, സ്കൂൾ ഹെഡ് ബോയ് കിരണ് സാവിയോ, ഹെഡ് ഗേൾ സമ്ര റഫീഖ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ചടങ്ങിൽ മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ലോകത്തില ഏറ്റവും ചെറിയ പുസ്തകമായ രാസരസിക ഉൾപ്പടെ അപൂർവ ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന പായിപ്ര രാധാകൃഷ്ണന്റെ സ്വകാര്യ പുസ്തകശേഖരം സകൂൾ ലൈബ്രറിക്ക് കൈമാറും. പി.എസ്. ശ്രീധരൻ പിള്ളയും പായിപ്ര രാധാകൃഷ്ണനും എഴുതിയ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേകം ഷെൽഫും കുട്ടികൾക്കായി തുറക്കും.