കരുമാലൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണ ശ്രമം
1493228
Tuesday, January 7, 2025 6:37 AM IST
കരുമാലൂർ: കരുമാലൂർ വില്ലേജ് ഓഫീസിന് സമീപം അടച്ചിട്ട വീട് കുത്തിത്തുറന്നു മോഷണം. കരുമാലൂർ മരോട്ടിച്ചുവട് വടക്കേവീട്ടിൽ ചന്ദ്രബാബുവിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണ ശ്രമം നടന്നത്. വീടിന്റെ മുൻ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
വീട്ടിലെ അലമാരയിലെ സാധനങ്ങൾ മുഴുവൻ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പണവും സ്വർണവും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ വീട്ടിലുണ്ടായിരുന്ന മുന്തിയ ഇനം മദ്യക്കുപ്പികൾ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം വീട്ടുകാർ ബന്ധുവീട്ടിലെ വിവാഹ ചടങ്ങുകളിൽ പോയിരുന്നു. ഈ തക്കം നോക്കിയായിരുന്നു മോഷണശ്രമം. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് ഇവർ മോഷണ വിവരം അറിയുന്നത്. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വീട്ടുകാർ പുറത്തുപോയ സമയം നോക്കി മോഷണ ശ്രമം നടന്നതിനാൽ പരിചയമുള്ള ആരെങ്കിലുമാകാം മോഷണത്തിനു പിന്നില്ലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ തൊട്ടടുത്ത പ്രദേശങ്ങളായ കാരുചിറ, മനയ്ക്കപ്പടി, ആനച്ചാൽ, തത്തപ്പിള്ളി, കോട്ടപ്പുറം എന്നിവിടങ്ങളിലെല്ലാം മോഷണം നടന്നിരുന്നു. അതിനു പിന്നിലെയാണു മരോട്ടിച്ചുവട് ഭാഗത്തുംമോഷണം നടന്നിരിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായി ആലങ്ങാട് പൊലീസ് പറഞ്ഞു. അടുത്ത ദിവസം വിരലടയാള വിദഗ്ധരും സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്. ആലങ്ങാട് പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.