പി.വി. അൻവറിന്റെ അറസ്റ്റ് അസംബന്ധം: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ
1493206
Tuesday, January 7, 2025 6:37 AM IST
കോതമംഗലം: പി.വി. അൻവറിന്റെ അറസ്റ്റ് അസംബന്ധവും കാടത്തവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോതമംഗലം കുട്ടമ്പുഴയിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ സുധാകരൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്നും പറഞ്ഞു. എൻ.എം. വിജയൻ തനിക്ക് എഴുതിയ കത്ത് വീട്ടിൽ ലഭിച്ചിട്ടുണ്ട്. അത് വായിച്ചു നോക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം കെപിസിസി ഗൗരവത്തോടെ പരിശോധിക്കും. ആത്മഹത്യയേക്കുറിച്ച് അന്വേക്ഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന കോടതി ഉത്തരവ് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ നിയമപോരാട്ടം നടത്തുമെന്നും ചോദ്യത്തിന് മറുപടിയായി കെ. സുധാകരൻ പറഞ്ഞു. കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊടിയാട്ട് എൽദോസിന്റെ വീട് സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു.