രാസലഹരിയുമായി യുവതിയുൾപ്പെടെ രണ്ടു പേർ പിടിയിൽ
1493389
Wednesday, January 8, 2025 4:21 AM IST
നെടുമ്പാശേരി: രാസ ലഹരിയുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ അഞ്ജലി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്ന് വന്ന ബസിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രാസലഹരിക്ക് ഒമ്പതു ലക്ഷത്തിലേറെ രൂപ വിലവരും. യുവതിയുടെ പാന്റ്സിനുള്ളിലെ പോക്കറ്റിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ ആസിഫുമായി സൗഹൃദത്തിലായത്. തുടർന്ന് ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. നേരത്തെ പലതവണ യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. തുടർന്ന് കടത്തിനായി ആഞ്ജലിയെയും കൂട്ടുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. വീട്ടിലിരുന്ന് ഓൺലൈൻ ലഹരി വ്യാപാരമാണ് യുവതി ചെയ്തിരുന്നത്.
രാസലഹരി വാങ്ങുന്നതിനുള്ള പണം പ്രതികൾ മാഫിയാ സംഘത്തിന് സിഡിഎമിലൂടെ അയക്കും. മാഫിയാ സംഘം മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് എത്തിക്കുകയാണ് ഇവരുടെ രീതി. നാട്ടിലെത്തിച്ച് അഞ്ച് ഗ്രാം, 10 ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് വില്പന നടത്തുന്നത്.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസ്, ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എ. സാബുജി, എസ്ഐ എ.സി. ബിജു, എഎസ്ഐ റോണി അഗസ്റ്റിൻ, സീനിയർ സിപിഒമാരായ സി.കെ. രശ്മി, എം.എം. രതീഷ്, ഇ.കെ. അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.