മൂർത്തിക്കുവേണ്ടി കെഎസ്ഇബിക്ക് പിഴയടച്ച് കളക്ടർ; കൈയടിച്ച് ജനം
1493386
Wednesday, January 8, 2025 4:21 AM IST
കാക്കനാട്: ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതിന് പിഴയായി കെഎസ്ഇബി ആവശ്യപ്പെട്ട പിഴത്തുക അടയ്ക്കാനില്ലാതെ വലഞ്ഞ സേലം സ്വദേശിക്ക് ആശ്വാസമായി കളക്ടറുടെ സഹായം. തകർന്ന ലോറിയിൽ രണ്ടാഴ്ചയിലേറെയായി, ദുരിതമനുഭവിച്ചു കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്കുവേണ്ടി ജില്ലാ കളക്ട൪ എൻ.എസ്.കെ. ഉമേഷ് പിഴത്തുക സ്വന്തം കൈയിൽ നിന്ന് അടച്ചതോടെ ലോറിയുടെ തകരാർ തീർത്താൽ മൂർത്തിക്കിനി നാട്ടിലേക്ക് മടങ്ങാം.
ചെന്നൈയിലേക്ക് സൾഫ൪ എത്തിക്കാനായാണ് മൂർത്തി കേരളത്തിലെത്തിയത്. ഡിസംബ൪ 19 രാത്രി തൃക്കാക്കര വേളാങ്കണ്ണി നഗറിന് സമീപം മൂ൪ത്തിയുടെ ലോറി നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റ് മറിഞ്ഞ് കെഎസ്ആ൪ടിസി ബസിലേക്ക് വീണു. മറ്റ് അപകടമൊന്നുമുണ്ടായില്ലെങ്കിലും ലോറിയുടെ മുൻഭാഗം തകർന്നു.
പരിക്കേൽക്കാതെ മൂർത്തിയും രക്ഷപെട്ടു. തക൪ന്ന പോസ്റ്റുകളുടെ നഷ്ടപരിഹാരം നൽകാതെ ലോറിയുമായി പോകാൻ കഴിയില്ലെന്ന് കെഎസ്ഇബിയും പോലീസും നിലപാട് സ്വീകരിച്ചതോടെയാണ് മൂർത്തി കഷ്ടത്തിലായത്. 49,719 രൂപയാണ് നഷ്ടപരിഹാരമായി കെഎസ്ഇബിക്ക് നൽകേണ്ടിയിരുന്നത്. പലരിൽ നിന്നായി കടം വാങ്ങിയ 29,500 രൂപയാണ് മൂ൪ത്തിയുടെ കൈയിലുണ്ടായിരുന്നത്.
ബാക്കി തുകയായ 20,219 രൂപയാണ് കളക്ട൪ നൽകിയത്. പോലീസിൽ നിന്നുള്ള എൻഒസിയും വാങ്ങി. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ താമസവും ഏ൪പ്പാടാക്കി. വസ്ത്രത്തിനും ഭക്ഷണത്തിനുമുള്ള പണവും കളക്ടർ നൽകി. മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ മൂർത്തി നാട്ടിലേക്ക് മടങ്ങും.
തകർന്ന ലോറിയിൽ ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ പ്രയാസപ്പെട്ട മൂർത്തിയുടെ വാ൪ത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുട൪ന്ന് ഇതു സംബന്ധിച്ച് വിശദാംശങ്ങൾ അന്വേഷിക്കാൻ ജൂണിയ൪ സൂപ്രണ്ട് അബ്ദുൾ ജബ്ബാറിനെ കളക്ടർ ചുമതലപ്പെടുത്തി. തുടർന്ന് മൂർത്തിയെ ചേബറിലെത്തിച്ച് കളക്ട൪ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.