പായിപ്ര-ചെറുവട്ടൂർ റോഡിൽ കൈയേറ്റം വ്യാപകം; അപകടങ്ങൾ പതിവ്
1493400
Wednesday, January 8, 2025 4:33 AM IST
മൂവാറ്റുപുഴ: പായിപ്ര - ചെറുവട്ടൂർ റോഡിൽ കൈയേറ്റം വ്യാപകമായതോടെ അപകടങ്ങളും പെരുകുന്നു. കഴിഞ്ഞ ദിവസം പേഴയ്ക്കാപ്പിള്ളി കൈനിക്കര പടിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. റോഡ് കൈയേറ്റം മൂലം കാൽനടയാത്രക്കുള്ള നടപ്പാത പോലും ഇല്ലാത്ത അവസ്ഥയിലാണ്. റോഡ് കൈയേറ്റം നിർബാധം നടക്കുന്പോഴും പഞ്ചായത്ത് അധികാരികളോ പൊതുമരാമത്ത് വകുപ്പോ കണ്ടതായി നടിക്കുന്നില്ല.
പായിപ്ര കവലയിൽനിന്ന് തുടങ്ങി ചെറുവട്ടൂർ വരെ പോകുന്ന പായിപ്ര - ചെറുവട്ടൂർ റോഡിന് നാലു കിലോമീറ്റർ ദൂരമാണുള്ളത്. പായിപ്ര കവലയിൽ നിന്നു തുടങ്ങുന്ന റോഡിലെ കൈനിക്കര ഭഗവതി ക്ഷേത്രത്തിന് എതിർവശം മുതലാണ് റോഡ് കൈയേറ്റത്തിനു തുടക്കം. പായിപ്ര ഷാപ്പുംപടി ഭാഗത്ത് എത്തുന്നതുവരെ റോഡിന്റെ ഇരുഭാഗത്തും നിരവധി സ്ഥലങ്ങളിലാണ് കൈയേറ്റം വ്യാപകം. ഏതാനും മാസം മുന്പ് തടികയറ്റി വന്ന ലോറി റോഡിന് വീതികുറവായതിനാൽ മറിഞ്ഞ് വൻ അപകടം ഉണ്ടായി.
ഇതുപോലെ നിരവധി അപകടങ്ങളാണ് പായിപ്ര - ചെറുവട്ടൂർ റോഡിൽ പതിവായി സംഭവിക്കുന്നത്. സുഗമമായ വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസമാകുന്ന കൈയേറ്റക്കാരെ ഒഴിപ്പിച്ച് റോഡിന്റെ വീതി സംരക്ഷിക്കാവാൻ അധികാരികൾ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.