യുദ്ധ ഉപകരണങ്ങളുടെ പ്രദർശനം
1493207
Tuesday, January 7, 2025 6:37 AM IST
വാഴക്കുളം: ഇന്ത്യൻ നാവികസേനയുടെ ചരിത്രവും നേട്ടങ്ങളും വിവരിച്ച് വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ഒരുക്കിയ നാവികസേനയുടെ യുദ്ധ ഉപകരണങ്ങളുടെ പ്രദർശനവും കോളജിന്റെ ഓപ്പണ്‍ ഡേയുടെ ഭാഗമായ ശാസ്ത്ര സാങ്കേതിക പ്രദർശനവും വിദ്യാർഥികൾക്ക് കൗതുകമായി. പ്രദർശനം കോളജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം, കോളജ് പ്രിൻസിപ്പൽ കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു എന്നിവർ പ്രസംഗിച്ചു. ലഫ്റ്റനന്റ് കമാൻഡർ മിഹീർ അഹുജ ചടങ്ങിൽ പങ്കെടുത്തു.
മിസൈലിന്റെ മോഡലുകൾ, മറ്റ് ആയുധങ്ങൾ, ചെറു തോക്കുകൾ, ഡിസ്ട്രോയർ മോഡലുകൾ, സീമാൻഷിപ്പ് ഗിയർ തുടങ്ങി ഭാരതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധോപകരണങ്ങളുടെ ചെറുമോഡലുകൾ തുടങ്ങി നാളിതുവരെ നാവിക മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ മനസിലാക്കുന്നതിനും കൂടുതൽ അറിയുന്നതിനും സഹായകരമാകുന്ന വിധത്തിലാണ് പ്രദർശനം ഒരുക്കിയത്.
ഓപ്പണ്‍ ഡേയുടെ ഭാഗമായി കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ലാബുകളും മറ്റ് സൗകര്യങ്ങളും കാണുന്നതിനും മനസിലാക്കുന്നതിനും വിദ്യാർഥികൾക്ക് അവസരം ഒരുക്കും. വിദ്യാർഥികളുടെ നൂതനങ്ങളായ പ്രോജക്ടുകൾ, വെർച്വൽ റിയാലിറ്റി, കോളജിലെ വിദ്യാർഥികൾ നിർമിച്ച ഓൾ ടറൈയിൻ വെഹിക്കിൾ, മറ്റ് ശാസ്ത്രീയ പ്രദർശന മോഡലുകൾ എന്നിവയും പ്രദർശനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
പ്രദർശനം കാണാൻ സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അവസരം നൽകും. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാല് വരെയാണ് പ്രദർശനം. നാവികസേനയിലെ അവസരങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ഉന്നത നാവിക ഉദ്യോഗസ്ഥരും കോളജിൽ സന്നിഹിതരായിരുന്നു. പ്രദർശനം ഇന്ന് സമാപിക്കും.